ആഗ്ര- മുഗല്‍ ചരിത്ര സ്മാരകങ്ങളുടെ നഗരമായ ആഗ്രയില്‍ പണി പുരോഗമിക്കുന്ന മുഗള്‍ മ്യൂസിയത്തിന്റെ പേര് മറാത്ത രാജാവ് ഛത്രപതി ശിവജി മഹാരാജ് എന്നാക്കി മാറ്റിയതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. മുഗളന്‍മാര്‍ക്ക് എങ്ങനെ നമ്മുടെ ഹീറോകള്‍ ആകാനാകും എന്നാണ് ആദിത്യനാഥ് വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ ചോദിച്ചത്. അടിമത്ത മനസ്ഥിതിയോടെയുള്ള എന്തും തന്റെ ബിജെപി സര്‍ക്കാര്‍ ഇല്ലാതാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 'ആഗ്രയില്‍ പണിപുരോഗമിക്കുന്ന മ്യൂസീയം ഛത്രപതി ശിവജി മഹാരാജിന്റെ പേരില്‍ അറിയപ്പെടും. നിങ്ങളുടെ ഉത്തര്‍ പ്രദേശില്‍ അടിമത്വത്തിന്റെ ചിഹ്നങ്ങള്‍ക്ക് സ്ഥാനമില്ല. ശിവജി മഹാരാജാണ് നമ്മുടെ ഹീറോ. ജയ് ഹിന്ദ്, ജയ് ഭാരത്'- ആദിത്യനാഥ് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
മുന്‍ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ 2015ലാണ് ആഗ്രയില്‍ മുഗള്‍ മ്യൂസിയം നിര്‍മാണ പദ്ധതി ആരംഭിച്ചത്. താജ്മഹലിനു സമീപം ആറേക്കല്‍ ഭൂമിയിലാണ് മ്യൂസിയം ഒരുങ്ങുന്നത്. മുഗള്‍ സംസ്‌ക്കാരം, ചിത്രകല, കരകൗശല വസ്തുക്കള്‍, ആയുധങ്ങള്‍, അയോധനകല തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് മുഗള്‍ മ്യൂസിയം നിര്‍മിക്കുന്നത്.