വാഷിംഗ്ടണ്‍- ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്ക് വിഡിയോ ആപില്‍ പങ്കാളിയാകാന്‍ സാങ്കേതിക രംഗത്തെ ഭീമന്‍ ഒറാക്കിളിന്റെ ശ്രമം. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി അമേരിക്കയില്‍ നിരോധ ഭീഷണി നേരിടുന്ന ടിക് ടോക്കിന്റെ യു.എസിലെ നടത്തിപ്പ് ഏറ്റെടുക്കാനുള്ള ഒറാക്കിളിന്റെ ഓഫര്‍ പരിഗണനയിലാണെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
മൈക്രോസോഫ്റ്റിന്റെ ഓഫര്‍ ടിക് ടോക് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് നിരസിച്ചതിനു പിന്നാലെയാണ് ഒറാക്കിള്‍ രംഗത്തുണ്ടെന്ന കാര്യം യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യുചിന്‍ സ്ഥിരീകരിച്ചത്.
യു.എസ് ഭരണകൂടത്തിന്റെ സുരക്ഷാ ആശങ്കകള്‍ പരിഹരിക്കാനുതകുന്ന നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതുവഴി യുഎസിലെ പത്ത് കോടി ആളുകള്‍ക്ക് തുടര്‍ന്നും ആപ് ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടിക് ടോക്ക് പ്രസ്താവനയില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
എന്നാല്‍ ഇടപാടിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഒറാക്കിളിനെ വിശ്വസനീയമായ സാങ്കേതിക പങ്കാളിയായി ഉള്‍പ്പെടുത്തുന്ന നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും ദേശീയ സുരക്ഷാ ആശങ്കളും വിദേശ ഇടപാടുകളും അവലോകനം ചെയ്യുന്ന സര്‍ക്കാര്‍ സമതി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും യു.എസ് ട്രഷറി സെക്രട്ടറി പറഞ്ഞു.