വാഷിങ്ടൺ- അമേരിക്കൻ മുൻ പ്രസിഡന്റ് ബാരക് ഒബാമ യൗവന കാലത്ത് തന്റെ കാമുകിക്ക് അയച്ച കത്തുകൾ ഗവേഷകർക്കായി പരസ്യപ്പെടുത്തും. അറ്റ്‌ലാന്റയിലെ ഇമോറി യൂണിവേഴ്‌സിറ്റി ആർക്കൈവിലുള്ള 30 പേജുകൾ വരുന്ന ഒമ്പത് കത്തുകളാണ് പരസ്യപ്പെടുത്തുക. 2014ലാണ് ഈ കത്തുകൾ ഇമോറി യൂണിവേഴ്‌സിറ്റിയിലെ മാനുസ്‌ക്രിപ്റ്റ് ആർക്കൈവ്‌സ് ആന്റ് റയർ ബുക് ലൈബ്രറിക്ക് ലഭിച്ചത്. ഇതുവരെ ഇവ പരസ്യപ്പെടുത്തിയിരുന്നില്ല.
1980കളിൽ തന്റെ മുൻ കാമുകി അലക്‌സാൻഡ്ര മക്‌നിയറിന് അയച്ച കത്തുകളാണിവ. കാലിഫോർണിയയിൽ കോളെജിൽ പഠിക്കുന്ന കാലത്തും കൊളംബിയയിൽ ജോലി തുടങ്ങിയ കാലത്തുമെല്ലാം എഴുതിയവയാണ് ഈ കത്തുകൾ. പ്രണയിനികളുടെ പതിവു കത്തുകളിൽ നിന്നു വേറിട്ടു നിൽക്കുന്ന ഒബാമയുടെ കത്തുകൾ കൂടുതൽ തത്വശാസ്ത്രപരവും ജീവിതത്തിലെ ഉയർച്ച താഴ്ചകളെ കുറിച്ചുമുള്ള കുറിപ്പുകളാണ്.
തന്റെ ആഫ്രിക്കൻ വംശജനെന്ന തന്റെ സ്വത്വം, സാമൂഹിക സേവനത്തിനു പണം കണ്ടെത്താനാകുമോ എന്ന ആശങ്ക, തന്റെ കഴിവുകേടുകളെ കുറിച്ചുള്ള വേവലാതികൾ എന്നിവയൊക്കെയാണ് പ്രധാനമായും ഈ കത്തുകളുടെ ഉള്ളടക്കം. കോളെജ് വിദ്യാർത്ഥിയായ ഒബാമ എന്ന വ്യക്തിയുടെ കൂടുതൽ വ്യക്തമായ ഒരു ചിത്രവും അമേരിക്കൻ പ്രസിഡന്റ് പദവി വരെ എത്തുന്ന രീതിയിൽ അദ്ദേഹത്തെ മാറ്റിമറിച്ച ചിന്തകളും അറിയാൻ ഈ കത്തുകൾ സഹായിക്കുമെന്ന് ഇമോറി യൂണിവേഴ്‌സിറ്റി അധികൃതർ പറയുന്നു.