ചെന്നൈ-നീറ്റ് പരീക്ഷ പരാമര്‍ശത്തിലൂടെ കോടതി നടപടികളെ അവഹേളിച്ചെന്ന് ആരോപിച്ച് നടന്‍ സൂര്യയ്ക്ക് എതിരെ സ്വമേധയാ കേസെടുക്കാന്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമ്രേശ്വര്‍ പ്രതാപ് സാഹിയ്ക്ക് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യത്തിന്റെ കത്ത്. തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷ എഴുതാനിരുന്ന മൂന്ന് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സൂര്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ അഞ്ച് കുട്ടികളാണ് തമിഴ്‌നാട്ടില്‍ പരീക്ഷാ പേടികാരണം ആത്മഹത്യ ചെയ്തത്. കോവിഡ് പശ്ചാത്തലത്തില്‍ നീറ്റ് പരീക്ഷകള്‍ നടത്തുന്നതിനെതിരേയും സൂര്യ രംഗത്തെത്തി. കോവിഡ് കാലത്ത് വിര്‍ച്വലായി മാറിയ കോടതികളാണ് വിദ്യാര്‍ത്ഥികളോട് നീറ്റ് പരീക്ഷ എഴുതാന്‍ ഉത്തരവിടുന്നതെന്നായിരുന്നു സൂര്യയുടെ പരാമര്‍ശം. ഈ പ്രസ്താവനയ്ക്ക് എതിരെയാണ് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം ചീഫ് ജസ്റ്റിസിനോട് പരാതിപ്പെട്ടത്.