ന്യൂദല്‍ഹി- മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവും പൗരാവകാശ പ്രവര്‍ത്തകനുമായ ഉമര്‍ ഖാലിദിനെ ദല്‍ഹി കലാപക്കേസില്‍ ഉള്‍പ്പെടുത്തി ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. കാടന്‍ നിയമമായ യുഎപിഎയും ചുമത്തിയിട്ടുണ്ട്. ഫെബ്രുവരിയില്‍ ദല്‍ഹിയില്‍ മുസ്‌ലിംകള്‍ വ്യാപകമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത വംശീയ കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്നാണ് ഉമറിനെതിരെ ചാര്‍ത്തിയിരിക്കുന്ന കുറ്റം. ഉമറിന്റെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക ശാസ്ത്രജ്ഞ ജയതി ഘോഷ് എന്നീ പ്രമുഖരെ ദല്‍ഹി കലാപക്കേസില്‍ കുടുക്കാനുള്ള ദല്‍ഹി പോലീസ് നീ്ക്കത്തിനിടെയാണ് ഉമര്‍ ഖാലിദിന്റെ അറസ്റ്റ്.
കലാപവുമായി ബന്ധപ്പെട്ട അന്വേഷണമെന്ന പേരില്‍ ദല്‍ഹി പോലീസ് പ്രതിഷേധങ്ങളെ കുറ്റവല്‍ക്കരിക്കുകയും അപസര്‍പ്പക കഥകള്‍ മെനഞ്ഞുണ്ടാക്കുകയുമാണെന്നും അവര്‍ മറ്റൊരു ഇരയെ കൂടി കണ്ടെത്തിയിരിക്കുകയാണെന്നും ഉമര്‍ കൂടി അംഗമായ യുനൈറ്റഡ് എഗയ്ന്‍സ്റ്റ് ഹേറ്റ് എന്ന ആക്ടിവിസ്റ്റ് സംഘടന പ്രതികരിച്ചു. 11 മണിക്കൂറാണ് ഉമറിനെ പോലീസ് ചോദ്യം ചെയ്തത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായ പ്രതിഷേധങ്ങള്‍ ശക്തമായി വരുന്നതിനിടെ ഫെബ്രുവരി 23നാണ് വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ മുസ്‌ലിംകളേയും അവരുടെ വീടുകളേയും വ്യാപാര സ്ഥാപനങ്ങളേയും മാത്രം ലക്ഷ്യമിട്ട് മൂന്നു ദിവസം നീണ്ട കലാപം നടന്നത്. കലാപത്തിന് ഹിന്ദുത്വ പ്രവര്‍ത്തകരെ ഇളക്കി വിടുന്ന ബിജെപി നേതാവ് കപില്‍ മിശ്രയുടെ വിഡിയോയും വിവാദമായിരുന്നു. കലാപത്തില്‍ 50ലേറെ പേര്‍ കൊല്ലപ്പെടും നിരവധി പേര്‍ക്ക് വെടിയേല്‍ക്കുകയും വ്യാപക സ്വത്തുനാശം ഉണ്ടാകുകയും ചെയ്തു.