ചെന്നൈ- ഇന്നു നടന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതേണ്ടിരുന്ന നാല് വിദ്യാർഥികള്‍ ഒരാഴ്ചക്കിടെ തമിഴ്നാട്ടില്‍ ആത്മഹത്യ ചെയ്തു. ആദിത്യ,ജ്യോതിശ്രീ എന്നീ വിദ്യാർഥികള്‍ ജീവനൊടുക്കയത് ഇന്നലെയാണ്.
തിരുചെങ്കോട് സ്വദേശി മോട്ടിലാല്‍, അരിയാലൂർ സ്വദേശി വിഗ്നേഷ് എന്നിവർ കഴിഞ്ഞ ദിവസങ്ങളിലും ആത്മഹത്യ ചെയ്തു. എല്ലാവരും കഴിഞ്ഞ വർഷം നീറ്റ് എഴുതി പരാജയപ്പെട്ടവരാണെന്ന് റിപ്പോർട്ടുകളില്‍ പറയുന്നു.
കോവിഡ് കണക്കിലെടുത്ത് പ്രവേശന പരീക്ഷയില്‍നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നും പ്ലസ് ടു ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നീറ്റ് മാറ്റിവെക്കണമെന്ന് വിദ്യാർഥികളും പ്രതിപക്ഷ പാർട്ടികളും മുറവിളി കൂട്ടിയിരുന്നെങ്കിലും സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് 15 ലക്ഷത്തിലേറെ വിദ്യാർഥികള്‍ ഇന്ന് പ്രവേശന പരീക്ഷ എഴുതിയത്.