മുംബൈ- മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് ഉപമിക്കുന്നവരെ പിന്തുണക്കുന്ന ബി.ജെ.പിയുടെ ദേശീയത എവിടയെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്.
വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണുവെച്ചാണിതെന്ന് പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ കോളത്തില്‍ അദ്ദേഹം ആരോപിച്ചു.
മുംബൈയെ പാക് അധിനിവേശ കശ്മീരെന്നും ബിഎംസിയെ ബാബര്‍ ആര്‍മി എന്നും വിളിക്കുന്നവരുടെ പിന്നില്‍ മഹാരാഷ്ട്രയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി നില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണ്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രജപുത്ര, ക്ഷത്രിയ വോട്ടുകള്‍ നേടാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.
മഹാരാഷ്ട്രയെ അപമാനിക്കേണ്ടി വന്നാലും കങ്കണയുടെ സഹായത്തോടെ ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയിക്കണം. എന്നാല്‍ ദേശീയത സ്വയം അവകാശപ്പെടുന്നവര്‍ക്ക് ചേര്‍ന്നതല്ല ഇത്. മഹാരാഷ്ട്രയെ അപമാനിച്ചതിനെക്കുറിച്ച് സംസ്ഥാനത്തുനിന്നുള്ള ഒരു ബിജെപി നേതാവ് പോലും ഖേദം പ്രകടിപ്പിച്ചിട്ടില്ല - അദ്ദേഹം സാമ്‌നയില്‍ എഴുതി.
മുംബൈയുടെ പ്രാധാന്യം കുറയ്ക്കുന്നതിന് ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും നഗരത്തെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നത് ഈ ഗൂഢാലോചനയുടെ ഭാഗമാണെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു. ഇതൊരു പ്രയാസകരമായ കാലഘട്ടമാണെന്നും എല്ലാ മഹാരാഷ്ട്രക്കാരും ഒന്നിച്ചുനില്‍ക്കേണ്ട സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.