ന്യൂദൽഹി- ദൽഹി പോലീസിനെ ഉപയോഗിച്ച് സാധാരണ പൗരന്മാരെ കേന്ദ്രസര്‍ക്കാര്‍ അടിച്ചമർത്തുകയാണെന്നും കോൺഗ്രസിന്‍റെ അടിയന്തരാവസ്ഥയെ ചെറുത്തത് പോലെ ഇപ്പോഴത്തെ നീക്കവും ചെറുക്കുമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. . യെച്ചൂരി പറഞ്ഞു. ദൽഹി കലാപ ഗൂഢാലോചനയിൽ യെച്ചൂരിയും പങ്കാളിയാണെന്ന ദൽഹി പോലീസിന്‍റെ കുറ്റപത്രത്തിനെതിരെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം ശക്തമായിരിക്കെയാണ് യെച്ചൂരിയുടെ പ്രതികരണം.
യെച്ചൂരിയെ ഉള്‍പ്പെടുത്തിയ കുറ്റപത്രത്തിനെതിരെ കോൺഗ്രസും രംഗത്തെത്തി. സീതാറാം യെച്ചൂരിയെപ്പോലുള്ള നേതാക്കളുടെ പേരുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തുന്നതിന് പിന്നിൽ ദുരുദ്ദേശമുണ്ട്. പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള നീക്കമാണിതെന്നും ചെറുക്കുമെന്നും കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധിർരഞ്ജൻ ചൗധരി പ്രതികരിച്ചു.
കലാപ കേസിൽ യെച്ചൂരി ഉൾപ്പടെ ഒമ്പത് പ്രമുഖർക്കെതിരെയാണ് ദല്‍ഹി പോലീസ് കുറ്റപത്രം സമർപ്പിച്ചത്. അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥികളുടെ മൊഴിയനുസരിച്ച് യെച്ചൂരിയും മറ്റുള്ളവരും കലാപത്തിന്‍റെ ഗൂഢാലോചനയിൽ പങ്കാളിയാണെന്നാണ് അനുബന്ധ കുറ്റപത്രത്തിൽ പറയുന്നത്. സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് , സാമ്പത്തിക വിദഗ്ധ ജയതി ഘോഷ് എന്നിവരേയും അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ പറയുന്ന പേരുകള്‍ കുറ്റപത്രത്തില്‍ പരാമർശിക്കുക സ്വാഭാവികമാണെന്നും അവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചതല്ലെന്നുമാണ് ദല്‍ഹി പോലീസിന്‍റെ വിശദീകരണം.