Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദാവൂദ് ഇബ്രാഹിമിന്റെ കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ കേന്ദ്ര സർക്കാർ വിൽക്കുന്നു

മുംബൈ- അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ കോടികൾ വിലമതിക്കുന്ന മുംബൈയിലേയും ഔറംഗാബാദിലേയും സ്വത്തുകൾ വിൽക്കാനുള്ള നടപടികൾ കേന്ദ്ര ധനകാര്യ മന്ത്രാലയം ആരംഭിച്ചു. ഇപ്പോൾ പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതപ്പെടുന്ന ദാവൂദിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ പൂർണമായും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്. 5.54 കോടി രൂപ വിലമതിക്കുന്ന ആറ് സ്വത്തുക്കൾ നവംബർ 14ന് ലേലം ചെയ്യുമെന്ന പരസ്യം കേന്ദ്രം പ്രസിദ്ധീകരിച്ചു. കള്ളക്കടത്തുകാരുടേയും വിദേശ വിനിമയ തട്ടിപ്പുക്കാരുടേയും സ്വത്തുകൾ കണ്ടുകെട്ടൽ നിയമപ്രകാരമാണ് നടപടികൾ.
ദാവൂദിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌ക്കർ താമസിച്ചിരുന്ന മുംബൈയിലെ ഭെന്ദി ബസാറിലെ ദമർവാല കെട്ടിടവും ഇതിലുൾപ്പെടും. 1980കളിൽ ഒളിവിൽ പോകുന്നതുവരെ ദാവൂദ് ഇവിടെയാണ് താമസിച്ചിരുന്നത്. മുഹമ്മദലി റോഡിലെ ശബ്‌നം ഗസ്റ്റ് ഹൗസ്, മസഗാവിലെ പേൾഹാർബർ കെട്ടിടസമുച്ചയത്തിലെ ഒരു ഫഌറ്റ്, സൈഫി ജൂബിലി സ്ട്രീറ്റിലെ ദാദ്രിവാലയിൽ ഒരു മുറിയുടെ ഉടമസ്ഥാവകാശം, ഔറംഗാബാദിലെ 600 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു ഫാക്ടറി ഭൂമി എന്നിവയാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ദാവൂദിന്റെ മുംബൈബയിലെ ശക്തികേന്ദ്രമായിരുന്ന പ്രദേശത്തിന്റെ രണ്ടു കിലോമീറ്റർ ചുറ്റളവിലാണ് ഈ സ്വത്തുക്കളെല്ലാം ഉള്ളത്. ഇവയിൽ വാണിജ്യ കെട്ടിടങ്ങളും താമസ കെട്ടിടങ്ങളും ഉൾപ്പെടും. 


രണ്ടു വർഷം മുമ്പ് ദാവൂദിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ റൗനഖ് അഫ്രോസ് വിൽക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെട്ടിരുന്നു. 4.28 കോടി രൂപയ്ക്ക് ലേലം ചെയ്ത ഈ സ്വത്ത് ദേശ് സേവാ സമിതി എന്ന സന്നദ്ധ സംഘടനയാണ് വാങ്ങാൻ ശ്രമിച്ചത്. ആദ്യ ഗഡുവായി 30 ലക്ഷം രൂപ സംഘടന നൽകിയിരുന്നെങ്കിലും നിശ്ചിത സമയപരിധിയായ 30 ദിവസത്തിനുള്ളിൽ ബാക്കി തുകയായ 3.98 കോടി രൂപ നൽകാൻ ഇവർക്ക് കഴിഞ്ഞില്ല. ഇതോടെ വിൽപ്പന നടക്കാതെ പോകുകയായിരുന്നു. ഇത്തവണ ലേലത്തിന് കെട്ടിവയ്‌ക്കേണ്ട തുക കേന്ദ്ര സർക്കാർ കുറച്ചിട്ടുണ്ട്. 23.72 ലക്ഷം കെട്ടിവച്ചാൽ ലേലത്തിൽ പങ്കെടുക്കാം. 
വിവിധ സർക്കാർ ഏജൻസികൾ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ദാവൂദിന്റെ സ്വത്തുക്കൾ വിൽക്കാൻ മൂന്ന് തവണ ശ്രമം നടത്തിയിട്ടുണ്ട്. എന്നാൽ ദാവൂദിന്റെ സംഘത്തിന്റെ തിരിച്ചടി ഭയന്ന് ആരും വാങ്ങാൻ ധൈര്യപ്പെട്ടില്ല. 1993ലെ മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയാണ് ദാവൂദ്. നേരത്തെ ദാവൂദിന്റെ പേരിൽ ബ്രിട്ടനിലുള്ള സ്വത്തുക്കൾ ബ്രിട്ടീഷ് സർക്കാർ മരവിപ്പിച്ചിരുന്നു.
 

Latest News