ന്യൂദല്‍ഹി- രാജ്യത്തെ മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ഇന്ന് നടക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നടക്കുന്ന പരീക്ഷക്ക് എല്ലാ സംസ്ഥാനങ്ങളിലും മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രോഗം വ്യാപിക്കുന്നതിനിടെ പരീക്ഷ നടത്തരുതെന്ന വിദ്യാര്‍ഥികളും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നീറ്റും ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇയും സാമൂഹകി അകലം അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നടത്തണമെന്നാണ് കഴിഞ്ഞ മാസം സുപ്രീം കോടതി ഉത്തരവിട്ടത്.
ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ച് വരെയാണ് പരീക്ഷ. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, അങ്കമാലി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ 12 കേന്ദ്രങ്ങളിലായി 1.15 ലക്ഷം കുട്ടികള്‍ പരീക്ഷയെഴുതും. രാജ്യത്താകെ 15.19 ലക്ഷം പേരാണ് പരീക്ഷയെഴുതുന്നത്.
ഇന്ന് നീറ്റ് പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വീണ്ടും പരീക്ഷ നടത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ഇതോടെ പരീക്ഷ എഴുതാനാകാത്തവര്‍ക്ക് വീണ്ടും അവസരം ലഭിക്കില്ല.
എം.ബി.ബി.എസ്, ബി.ഡി.എസ് അടക്കം പ്രധാന മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം നീറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ്. ഒരു ചോദ്യത്തിന് നാല് മാര്‍ക്കാണ്. തെറ്റായ ഓരോ ഉത്തരത്തിനും ഒരു മാര്‍ക്ക് കുറയ്ക്കും. 720 മാര്‍ക്കിന്റെ പരീക്ഷയില്‍ മൊത്തം 180 ചോദ്യങ്ങളാണുള്ളത്. ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ 45 വീതവും ബയോളജിയില്‍ 90 ചോദ്യവുമാണ് ഉണ്ടാവുക.
ദേശീയ പരീക്ഷാ ഏജന്‍സിയുടെ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ഹാള്‍ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും ഹാള്‍ ടിക്കറ്റിലുള്ള അതേ ഫോട്ടോയും കൈവശം വേണം. ഒന്നരയ്ക്ക് മുമ്പ് ഹാളില്‍ പ്രവേശിക്കണം. ഡ്രസ് കോഡ് കൃത്യമായി പാലിക്കണം. അരക്കൈ വസ്ത്രങ്ങള്‍, ഹീല്‍ കുറഞ്ഞ ചെരുപ്പുകള്‍ എന്നിവ ഉപയോഗിക്കണം.
ആണ്‍കുട്ടികള്‍ ഇളം നിറത്തിലുള്ള ഷര്‍ട്ടും പാന്റ്‌സും ധരിക്കണം. ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍, ജീന്‍സ്, ലെഗിന്‍സ് എന്നിവ പാടില്ല. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാം. ഹാള്‍ടിക്കറ്റിനും ഫോട്ടോ പതിച്ച ഐഡി കാര്‍ഡിനും ഒപ്പം കോവിഡ് നെഗറ്റീവ് ആണെന്ന സ്വയം സാക്ഷ്യപത്രവും വിദ്യാര്‍ഥികള്‍ കൈയില്‍ കരുതണം.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ നടത്തുന്നത്. വിദ്യാര്‍ഥികളും ജീവനക്കാരും മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കണം.സുതാര്യമായ വെള്ളക്കുപ്പി, 50 എംഎല്‍ സാനിറ്റൈസര്‍ ബോട്ടില്‍ എന്നിവ ഹാളില്‍ അനുവദിക്കും. ഇലക്ട്രോണിക് ഉപകരണങ്ങള്‍, വലിയ ഡയലുള്ള വാച്ച്, കാല്‍ക്കുലേറ്റര്‍ എന്നിവ അനുവദിക്കില്ല.