ന്യൂദല്‍ഹി- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ കോവിഡ് ചികിത്സ തേടിയിരുന്ന അദ്ദേഹത്തിന് ശ്വസിക്കുന്നതിന് ചില ബുദ്ധിമുട്ടുകള്‍ നേരിട്ടതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയിലെത്തിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിന് ആശുപത്രിയില്‍ തുടരുന്നതാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
ഓഗസ്റ്റ് രണ്ടിന് ന് കോവിഡ് ബാധിതനായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമിത് ഷാ രോഗമുക്തനായി 14 ന് ആശുപത്രി വിട്ടിരുന്നു.
തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നിരീക്ഷണത്തില്‍ കഴിയവേ ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് 18 ന് എയിംസില്‍ പ്രവേശിപ്പിച്ചു.
കോവിഡാനന്തര ചികിത്സയില്‍ പൂര്‍ണമായും സുഖംപ്രാപിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഓഗസ്റ്റ് 31 നാണ് ഡിസ്ചാര്‍ജ് ചെയ്തിരുന്നത്.