ഇംഫാൽ- മുസ്ലിം ഭീകരർ, ക്രിസ്ത്യൻ ഭീകരർ തുടങ്ങിയ വേർതിരിവുകളില്ലെന്നും ഭീകരരാകുന്നതോടെ അവരുടെ മതം ഇല്ലാതാകുമെന്നും തിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ. മൂന്നു ദിവസത്തെ മണിപ്പൂർ സന്ദർശനത്തിനെത്തിയ അദ്ദേഹത്തിനൊരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരിലുള്ള അസഹിഷ്ണുതയയേും ലാമ തള്ളി. മ്യാൻമറിൽ മുസ്്‌ലിംകൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങൾ ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
മതം കൊണ്ടു നടക്കുന്നതും അതു പ്രചരിപ്പിക്കുന്നതും രണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇന്ത്യ ഒരു ബഹുമത സമൂഹമാണ്. വ്യത്യസ്ത വിഭാഗക്കാർക്ക് വ്യത്യസ്ത മതങ്ങളാണ്. അവർ അത് സംരക്ഷിക്കണം. ഒരു മതത്തിനു മാത്രം പരിവർത്തനം നടത്താനും പ്രചരിപ്പിക്കാനും അവകാശമില്ല. ഇതു തെറ്റാണ്,' അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ചൈനയും യുദ്ധം ചെയ്യാൻ സാധ്യതയില്ലെന്നും അങ്ങനെ സംഭവിച്ചാൽ ആരും ജയിക്കില്ലെന്നും ഇന്ത്യചൈന ദോക്‌ലാം അതിർത്തി പ്രതിസന്ധിയെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. 'ഇന്ത്യയും ചൈനയും മഹത്തായ രാജ്യങ്ങളാണ്. രണ്ടു രാജ്യങ്ങൾക്കും പരസ്പരം തോൽപ്പിക്കാനാവില്ല. ഒന്നിച്ചു നിൽക്കേണ്ട രാജ്യങ്ങളാണ്. അതിർത്തി പ്രശ്‌നങ്ങളുണ്ടാകാം. പക്ഷെ ഇത് ഗൗരവമേറിയ ഒരു വിഷയമായി മാറുമെന്ന് ഞാൻ കരുതുന്നില്ല,' അദ്ദേഹം പറഞ്ഞു.