പട്‌ന- കടുത്ത പനിക്ക് ചികിത്സതേടി പട്‌നയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ഡോക്ടറെ കാണാൻ വരി നിന്ന ഒമ്പതു വയസ്സുകാരി ചികിത്സ ലഭിക്കാതെ മരിച്ചു. മരിച്ച കുട്ടിയെ കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു കൊടുക്കാത്തതിനെ തുടർന്ന് അച്ഛൻ ബാലികയുടെ മൃതദേഹം ചുമലിലേറ്റിയാണ് ആശുപത്രി വിട്ടത്. കൂലിപ്പണിക്കാരനായ റാംബലക്കും ഭാര്യയും കടുത്ത പനിമൂലം ഗുരുതരാവസ്ഥയിലായ മകളുമായി ചൊവ്വാഴ്ച വൈകുന്നേരമാണ് എയിംസിലെത്തിയത്. അടിയന്തിര വൈദ്യ സഹായം നൽകുന്നിനു പകരം അധികൃതർ ഒപി രജിസ്‌ട്രേഷനു വേണ്ടി ഇവരെ വരി നിർത്തുകയായിരുന്നു. ഡോക്ടറെ കാണാൻ വരിയിൽ കാത്തുനിൽക്കുന്നതിനിടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്.
പട്‌നയിൽ നിന്നും 140 കിലോമീറ്റർ അകലെ കജ്‌റ ഗ്രാമത്തിൽ നിന്നാണ് ഇവർ വിദഗ്ധ ചികിത്സ തേടി എയിംസിലെത്തിയത്. വരിയിൽ നിൽക്കാൻ നിർബന്ധിതനായതോടെ മകളുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് സഹകരിക്കണമെന്ന് മുന്നിലുള്ളവരോട് സഹായം തേടിയെങ്കിലും ആരും ചെവികൊണ്ടില്ല. ഇതിനിടെ ആരോഗ്യ സ്ഥിതി വഷളായ പെൺകുട്ടി രജിസ്‌ട്രേഷൻ കൗണ്ടറിനു സമീപത്തു വച്ചു മരിക്കുകയായിരുന്നു.
ചികിത്സ കിട്ടാതെ മകൾ മരിച്ചിട്ടും ആശുപത്രി അധികൃതരിൽ നിന്ന് കടുത്ത അവഗണനയാണ് ഇവർക്ക് നേരിടേണ്ടി വന്നത്. കുട്ടിയുടെ മൃതദേഹം കൊണ്ടു പോകാൻ എയിംസ് ആംബുലൻസ് വിട്ടു കൊടുത്തില്ല. സ്വകാര്യ ആംബുലൻസ് വാടകയ്ക്കു വിളിക്കാൻ കയ്യിൽ പണവുമില്ലായിരുന്നു. ഇതോടെ മകളുടെ മൃതദേഹവും ചുമന്ന് നാലു കിലോമീറ്ററോളം നടന്നാണ് തൊട്ടടുത്ത് ഓട്ടോ സ്റ്റാൻഡിലെത്തിയത്.
ഈ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് എയിംസ് ഡയറക്ടർ ഡോക്ടർ പ്രഭാത് കുമാർ സിങ് പറഞ്ഞത്. രജിസ്‌ട്രേഷനില്ലാതെ തന്നെ ഡോക്ടർമാർ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിശോധിക്കും. ഈ കേസിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.