ന്യൂദല്‍ഹി- തോട്ടിപ്പണി നിരോധനം കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമഭേദഗതി അവതരിപ്പിക്കുന്നു. തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷക്കാല സമ്മേളനത്തില്‍ തോട്ടിപ്പണി നിരോധന പുനരധിവാസ ഭേദഗതി ബില്ല് അവതരിപ്പിക്കും. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കല്‍, മലിജലമൊഴുകുന്ന അഴുക്കു ചാലുകളും മാന്‍ഹോളുകളും വൃത്തിയാക്കല്‍ തുടങ്ങി അപകടകരമായ തോട്ടിപ്പണികള്‍ പൂര്‍ണമായും യന്ത്രവല്‍ക്കരിക്കണമെന്നും പുതിയ നിയമഭേദഗതി ശുപാര്‍ശ ചെയ്യുന്നു. മനുഷ്യര്‍ ഈ ജോലി ചെയ്യുന്നത് പൂര്‍ണമായും അവസാനിപ്പിക്കാനാണ് കര്‍ശന വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് നിയമം പരിഷ്‌ക്കരിക്കുന്നത്. യന്ത്രവല്‍ക്കരണത്തിനു പുറമെ ഇത്തരം ജോലികള്‍ക്കിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ മെച്ചപ്പെട്ട നഷ്ടപരിഹാരവും ഈ നിയമം ഉറപ്പാക്കുന്നു.
നിലവില്‍ നിയമ പ്രകാരം തോട്ടിപ്പണിയില്‍ ഏര്‍പ്പെട്ടാല്‍ വ്യക്തിക്കോ ഏജന്‍സിക്കോ അഞ്ചു ലക്ഷം രൂപ വരെ പിഴയും അഞ്ചു വര്‍ഷം വരെ തടവുമാണ് ശിക്ഷ. ഇതു രണ്ടും ഒന്നിച്ചും ലഭിക്കാം. ഈ നിയമം നിലവിലുണ്ടെങ്കിലും ഇന്ത്യയില്‍ പലയിടത്തും ഇപ്പോഴം മനുഷ്യര്‍ നേരിട്ട് തോട്ടിപ്പണിയില്‍ ഏര്‍പ്പെടുന്നുണ്ട്. നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി തടവു ശിക്ഷാ കാലാവധിയും പിഴ തുകയും വര്‍ധിപ്പിക്കും.