ന്യൂദല്‍ഹി- വിദ്വേഷ പ്രചരണം നടക്കുന്നത് അറിഞ്ഞിട്ടും മനപ്പൂര്‍വം നടപടി എടുക്കാതിരുന്ന ഫേസ്ബുക്കിനെതിരെ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ദല്‍ഹി നിയമസഭാ സമിതി ഫേസ്ബുക്ക് ഇന്ത്യാ മേധാവിയെ ചോദ്യം ചെയ്യുന്നു. സെപ്തംബര്‍ 15നു മുമ്പായി ദല്‍ഹി നിയമസഭയിലെത്തണമെന്ന് ഫേസ്ബുക്ക് ഇന്ത്യാ മാനേജിങ് ഡയറക്ടര്‍ അജിത് മോഹന് സമാധാന സമിതി നേ്ാട്ടീസ് അയച്ചു. എഎപി എംഎല്‍എ രാഘവ് ഛദ്ദയാണ് ഈ സമിതി അധ്യക്ഷന്‍. ഫേസ്ബുക്കിന്റെ വിദ്വേഷ പ്രചരണ അനുകൂല നീക്കത്തിന് ദൃക്‌സാക്ഷിയായവരുടെ വെളിപ്പെടുത്തലുകളുടേയും അവര്‍ സമര്‍പ്പിച്ച തെളിവുകളുടേയും അടസ്ഥാനത്തിലാണ നോട്ടീസ് അയച്ചിരിക്കുന്നത്.
ബിജെപിയുമായി സഹകരിച്ച് ഫേസ്ബുക്ക് ഇന്ത്യയില്‍ വിദ്വേഷ വര്‍ഗീയ പ്രചരണത്തിന് സഹായം നല്‍കിയെന്ന ഫേസ്ബുക്ക് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ അമേരിക്കന്‍ പത്രമായ വോള്‍ സ്ട്രീറ്റ് ജേണല്‍ പുറത്തു കൊണ്ടു വന്നിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതോടെയാണ് നിയസഭാ സമിതി സ്വമേധയാ ഫേസ്ബുക്കിനെതിരെ നടപടികളാരംഭിച്ചത്. ദല്‍ഹിയില്‍ കലാപാഹ്വാനം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന്റെ വിഡിയോ ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്നു. ഇത് ഫേസ്ബുക്കു ആദ്യം നീക്കം ചെയ്തിരുന്നില്ല. കലാപം ആളിപ്പടരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഈ വിഡിയോക്കെതിരെ ദല്‍ഹി പോലീസും കേസെടുത്തിട്ടില്ല. വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ ഈ വിഡിയോ പിന്നീട് ഫേസ്ബുക്ക് നീക്കം ചെയ്തു.