ന്യൂദൽഹി- രാജ്യത്തെ എല്ലാ ട്രെയ്നുകളിലും ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ശ്വസനസംബന്ധമായ പ്രശ്നങ്ങളുള്ള യാത്രക്കാർക്ക് അടിയന്തിര സഹായം നൽകുന്നതിനാണിത്. ഓടുന്ന ട്രെയ്നുകളിൽ അടിയന്തിര വൈദ്യ സഹായവും ചികിത്സയും ലഭ്യമാക്കുന്നതിന് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ട്ർമാരുമായി കൂടിയാലോചിച്ച് സംവിധാനമൊരുക്കണമെന്നും റെയിൽവേയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. എല്ലാ ദീർഘദൂര ട്രെയ്നുകളിലും ഡോക്ടറും നഴ്സും ഉൾപ്പെടുന്ന മെഡിക്കൽ സംഘത്തെ നിയമിക്കണമെന്ന രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചിന്റ ഉത്തരവ്.
ഒരു മെഡിക്കൽ ഓഫീസർ, ഒരു നഴ്സ്, ഒരു സഹായി എന്നിവരടങ്ങുന്ന മെഡിക്കൽ സംഘത്തെ ദീർഘദൂര ട്രെയ്നുകളിൽ നിയമിക്കണമെന്നായിരുന്നു രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവ്. ഇതു പ്രായോഗികമല്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്നുകളിൽ മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപിക്കാനാവില്ലെന്നും കേന്ദ്രം അറിയിച്ചു. പരീക്ഷണാർത്ഥം ഇതു നടപ്പാക്കി നോക്കിയിരുന്നെങ്കിലും പരാജയപ്പെട്ടതായും സർക്കാർ അറിയിച്ചു.
ഒരു ഡോക്ടറുടെ സഹായം ലഭിക്കുന്ന മരുന്ന് സ്റ്റാൾ ട്രെയ്നുകളിൽ പരീക്ഷിച്ചിരുന്നെങ്കിലും അതും പരാജയമായിരുന്നുവെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ അജിത് സിൻഹ അറിയിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്നുകളിലെ യാത്രക്കാർക്ക് മെഡിക്കൽ സഹായങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ ആവശ്യമാണെന്നും എയിംസിലെ മുതിർന്ന ഡോക്ടർമാരുടെ സഹായത്തോടെ ഇതിനുള്ള സംവിധാനം ഒരുക്കണമന്നും സുപ്രീം കോടതി വ്യക്തമാക്കി.