ആഗ്ര- ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ നിര്‍മിച്ചത് രാജ്യദ്രോഹികളാണെന്ന പ്രസ്താവന നടത്തിയ ബിജെപി എംഎല്‍എ സംഗീത് സോമില്‍ നിന്ന്് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശദീകരണം തേടി.
പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുകയും വലിയ വിവാദത്തിന് തിരികൊളുത്തുകയും ചെയ്ത പ്രസ്താവനയ്ക്കു പിന്നിലെ കാരണം വ്യക്തമാക്കണമെന്നാണ് സോമിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു.
താജ്മഹലിനെ ചുറ്റിപ്പറ്റി ഏതാനും ദിവസങ്ങളായി നടക്കുന്ന വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ഒക്ടോബര്‍ 26ന് മുഖ്യമന്ത്രി യോഗി ഇവിടെ സന്ദര്‍ശിക്കുമെന്നും ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
താജിനെ കുറിച്ചുള്ള സോമിന്റെ അഭിപ്രായ പ്രകടനം തീര്‍ത്തും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാഴ്ച്ചപ്പാട് മാത്രമാണെന്ന് ബിജെപി യുപി വക്താവ് ചന്ദ്ര മോഹന്‍ പറഞ്ഞു.
അതിനിടെ, താജ്മഹലിനെതിരെ മറ്റൊരു ആരോപണവുമായി ഉത്തര്‍ പ്രദേശില്‍ നിന്നുള്ള എംപിയും ബിജെപി ദേശീയ നേതാവും 1990കളിലെ അയോധ്യാ രാമക്ഷേത്ര പ്രക്ഷോഭങ്ങളുടെ മുന്‍ നിരയിലുണ്ടായിരുന്ന യുവനേതാവുമായ വിനയ് കത്യാര്‍ രംഗത്തു വന്നു.
ശിവലിംഗം സ്ഥിതി ചെയ്തിടത്താണ് താജ്മഹല്‍ പണിതുയര്‍ത്തിയതെന്നും താജ്മഹല്‍ ഒരു ഹൈന്ദവ ക്ഷേത്രമാണെന്നും കത്യാര്‍ പറഞ്ഞു. ഹിന്ദു ദേവീ ദേവന്‍മാരുടെ എല്ലാ അടയാളങ്ങളും ഇവിടെയുണ്ട്. ഇതിനകത്ത് ശിവലിംഗം ഉണ്ടായിരുന്നു. മുകളില്‍നിന്ന് ഈ ശിവലംഗത്തിലേക്കാണ് വെള്ളത്തുള്ളികള്‍ വീണിരുന്നത്. ഇതു തകര്‍ത്താണ് അവിടെ ശവകുടീരം പണിതത്- കത്യാര്‍ പറഞ്ഞു.
താജ്മഹല്‍ ഇന്ത്യന്‍ സംസ്്കാരത്തിന്റെ ഭാഗമല്ലെന്നും അത് നിര്‍മ്മിച്ചത് ഹിന്ദുക്കളെ തുടച്ചു നീക്കാന്‍ ആഗ്രഹിച്ച മുഗളന്‍മാരാണെന്നുമുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയോടെ കഴിഞ്ഞയാഴ്ചയാണ് താജിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങള്‍ തുടങ്ങിയത്.
താജ്മഹല്‍ നിര്‍മ്മിച്ചത് ഇന്ത്യക്കാരുടെ ചോരയും നീരും ഉപയോഗപ്പെട്ടുത്തിയാണെന്നും യോഗി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.