ഇന്ന് മുഹമ്മദലി ജിന്നയുടെ ചരമവാർഷികം
കുടുംബത്തിൽ വാത്സല്യപൂർവം മമദ് എന്ന് വിളിക്കപ്പെട്ട മുഹമ്മദലി ജിന്നയെ ബിസിനസ് പഠിക്കാൻ വേണ്ടിയാണ് പിതാവ് ജിന്നാബായി ലണ്ടനിലേക്ക് അയക്കുന്നത്. ലണ്ടനിൽ എത്തിയതു മുതൽ നിയമം പഠിച്ച് അഭിഭാഷകനാവാനുള്ള എന്തെന്നില്ലാത്ത അഭിനിവേശമായിരുന്നു ആ പതിനാറുകാരന്റെ മനസ്സിൽ.
കുടുംബത്തിന്റെ എതിർപ്പുകളെ അനുകൂലമാക്കി മാറ്റി പ്രശസ്തമായ ലിങ്കൻസ് ഇന്നിന്റെ പ്രവേശന പരീക്ഷ എഴുതി നിയമപഠനത്തിനു ചേർന്നു. രണ്ടു വർഷം കൊണ്ട് പഠനം പൂർത്തിയാക്കി കാലക്രമേണ പ്രമുഖ ബാരിസ്റ്ററായി മാറി ആ യുവാവ്.
ലിങ്കൻസ് ഇന്നിൽ തന്നെ നിയമ പഠനത്തിനു ചേരാനുണ്ടായ കാരണത്തെക്കുറിച്ച് പിൽക്കാലത്ത് അദ്ദേഹം പറയുകയുണ്ടായി.
അവിടെ മുഖ്യ കവാടത്തിൽ ലോകത്തിലെ ഏറ്റവും മഹാന്മാരായ നിയമദാതാക്കളുടെ പട്ടികയിൽ മുഹമ്മദ് നബി (സ) യുടെ പേര് എഴുതി വെച്ചിരിക്കുന്നു. ലണ്ടനിൽനിന്ന് ഇന്ത്യയിൽ തിരിച്ചെത്തി എം.എ. ജിന്ന എന്ന പേരിൽ ബോംബെ ഹൈക്കോടതിയിൽ ബാരിസ്റ്ററായി എൻറോൾ ചെയ്തു. പിന്നീട് മജിസ്‌ട്രേറ്റ് ആയി താൽക്കാലിക നിയമനം ലഭിച്ചു. പക്ഷേ ഒരു മജിസ്‌ട്രേറ്റായി തുടരാൻ അദ്ദേഹത്തിന്റെ മനസ്സ് അനുവദിച്ചില്ല. സ്വതന്ത്രനായ അഭിഭാഷകനായി ബോംബെ ബാറിൽ പ്രാക്ടീസ് ചെയ്തു. മതമൂല്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തെ നയിച്ചിരുന്നത്. ഒരൊറ്റ കേസ് പോലും നീതിക്ക് വേണ്ടിയല്ലാതെ വാദിച്ചിട്ടില്ല. ഒരു നല്ല മുസ്ലിമിന്റെയും മുസ്ലിം നേതാവിന്റെയും മാതൃകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവായിരുന്ന മുഹമ്മദലി ജിന്നാ സാഹിബിന്റെ ഐതിഹാസിക ജീവിതത്തിന് തിരശ്ശീല വീണിട്ട് ഇന്നേക്ക് എഴുപത്തിരണ്ട് വർഷം പൂർത്തിയാവുകയാണ്. ആധുനിക ചരിത്രത്തിൽ ഇത്രയേറെ തെറ്റിദ്ധരിച്ചതോ തെറ്റിദ്ധരിക്കപ്പെട്ടതോ ആയ വ്യക്തി മുഹമ്മദലി ജിന്നയെ പോലെ വേറെ ആരെങ്കിലുമുണ്ടാവുമൊ എന്ന് സംശയമാണ്.
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് വേണ്ടിയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയും വലിയ ത്യാഗങ്ങൾ അനുഭവിച്ച വീരപുരുഷനായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ അനന്തവിശാലമായ സാധ്യതകളെ കണ്ടെത്തി തന്റേതായ വഴിയിലൂടെ സാക്ഷാൽക്കാരത്തിലെത്തിച്ച ജിന്നയെന്ന അത്ഭുത മനുഷ്യന്റെ ജീവിതം ഇനിയും വായിച്ചു തീരാത്ത വലിയ പാഠപുസ്തകമാണ്.
ഒരു ബ്രിട്ടീഷ് പത്രപ്രവർത്തകനെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞുകേൾക്കുന്ന കഥയുണ്ട്. സ്വാതന്ത്ര്യ സമരം അന്ത്യത്തോടടുക്കുന്ന തീക്ഷ്ണമായ ദിനരാത്രങ്ങളിൽ ദൽഹിയിലെ ഒരു രാത്രി.
പത്രപ്രവർത്തകൻ ഗാന്ധിജിയെ കാണാൻ പോയെങ്കിലും കാണാൻ കഴിഞ്ഞില്ല. ഗാന്ധിജി ഉറങ്ങിയിട്ടുണ്ട്. നേരെ ജവാഹർലാൽ നെഹ്‌റുവിന്റെ വസതിയിലേക്ക് പോയെങ്കിലും അദ്ദേഹവും ഉറങ്ങിയിരിക്കുന്നു. പിന്നെ പോയത് ജിന്നയുടെ ഓഫീസിലേക്കാണ്. അവിടെ അദ്ദേഹം ഉണർന്നിരിക്കുന്നു. കൗതുകത്തോടെ പത്രപ്രവർത്തകൻ ചോദിച്ചത്രേ. ഞാൻ ആദ്യം ഗാന്ധിജിയുടെ അടുത്ത് പോയെങ്കിലും ഗാന്ധിജി ഉറങ്ങിയിട്ടുണ്ടായിരുന്നു. നെഹ്‌റുവിനെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹവും ഉറങ്ങിയിരുന്നു. അങ്ങ് എന്താണ് ഉണർന്നിരിക്കുന്നത്. അവരുടെയൊക്കെ സമുദായം ഉണർന്ന് ഇരിക്കുകയാണ്. എന്റെ സമുദായം ഉറങ്ങിക്കിടക്കുകയാണ്. ഞാൻ അവർക്കു വേണ്ടി ഉറക്കമൊഴിച്ച് പ്രവർത്തിക്കട്ടെ. ഇതായിരുന്നു മുഹമ്മദലി ജിന്നയുടെ മറുപടി.
പലരും തെറ്റിദ്ധരിക്കുന്നത് പോലെ സർവേന്ത്യാ മുസ്‌ലിം ലീഗിന്റെ സ്ഥാപകൻ ജിന്നാ സാഹിബല്ല. 1906 ൽ സർവേന്ത്യാ മുസ്‌ലിം ലീഗ് രൂപീകരിക്കുന്നതിനു വേണ്ടി വിളിച്ചു ചേർത്ത യോഗം ധാക്ക നവാബ് സലീമുല്ലാഖാന്റെ അഹ്‌സാൻ മൻസിലിൽ നടക്കുമ്പോൾ മുഹമ്മദലി ജിന്ന തൊട്ടടുത്ത് കൽക്കത്തയിൽ നടക്കുന്ന കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിൽ വന്ദ്യവയോധികനായ ദാദാഭായ് നവറോജിയുടെ അധ്യക്ഷ പ്രസംഗം തയാറാക്കുന്ന തിരക്കിലായിരുന്നു. ദാദാബായ് നവറോജിയുടെ സെക്രട്ടറിയായിരുന്നു ആ സമയത്ത് മുഹമ്മദലി ജിന്ന.
ഒരിക്കലും സർവേന്ത്യാ മുസ്‌ലിം ലീഗിൽ പ്രവർത്തിക്കാൻ കഴിയാത്ത വിധം ദേശീയതയുമായി അലിഞ്ഞു ചേർന്ന വ്യക്തിത്വമായിരുന്നു ജിന്നാ സാഹിബിന്റേത്. ഹിന്ദു-മുസ്ലിം മൈത്രി അരക്കിട്ടുറപ്പിക്കുന്നതിൽ കൂടി മാത്രമേ ഇന്ത്യയുടെ യഥാർത്ഥ ദേശീയത സാധ്യമാവൂ എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ദേശീയ വാദിയായിരുന്നു ജിന്ന. ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ അംബാസഡർ എന്നാണ് ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡു മുഹമ്മദലി ജിന്നയെ വിശേഷിപ്പിച്ചത്.
മുസ്‌ലിം ലീഗ് നേതാക്കൾ മുഹമ്മദലി ജിന്നാ സാഹിബിനെ നിരന്തരം മുസ്‌ലിം ലീഗിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഒരിക്കൽ ലണ്ടനിൽ വെച്ച് തന്നെ ക്ഷണിക്കാൻ വന്ന മൗലാന മുഹമ്മദലി ജൗഹറിനോടും സയ്യിദ് വസീർ ഹസനോടും ജിന്നാ സാഹിബ് പറഞ്ഞ ഉപാധി ഒരു മതേതര വിശ്വാസിയും വിസ്മരിക്കാൻ പാടില്ലാത്തതാണ്. തന്റെ ദേശീയ വീക്ഷണത്തിന് തരിമ്പും പോറലേൽക്കാത്ത വിധം പ്രവർത്തിക്കാനാകുമെങ്കിൽ മാത്രം മുസ്‌ലിം ലീഗിൽ ചേരാം എന്നായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ച ഉപാധി. 1910 മുതൽ 1912 വരെ മുസ്‌ലിം ലീഗ് സമ്മേളനങ്ങളിൽ അതിഥിയായി പങ്കെടുത്ത മുഹമ്മദലി ജിന്ന 1913 ലാണ് സർവേന്ത്യാ മുസ്‌ലിം ലീഗിൽ അംഗത്വം എടുക്കുന്നത്. അപ്പോഴും കോൺഗ്രസ് അംഗത്വം അദ്ദേഹം ഉപേക്ഷിച്ചിരുന്നില്ല.
പിന്നീട് ഇന്ത്യൻ രാഷ്ട്രീയം കാണുന്നത് മുസ്‌ലിം ലീഗും കോൺഗ്രസും വളരെ സൗഹാർദപരമായി പ്രവർത്തിക്കുന്നതാണ്. അത് മുസ്‌ലിം ലീഗിന്റെയും കോൺഗ്രസിന്റെയും സമ്മേളനങ്ങൾ ഒരേ വേദിയിൽ വെച്ച് നടക്കുന്ന തലം വരെയെത്തി. ഇതിന് ചാലക ശക്തിയായി പ്രവർത്തിച്ചതും മുഹമ്മദലി ജിന്നയായിരുന്നു. 1920 വരെ ഈ നില തുടർന്നു. അതിനു ശേഷം നിസ്സഹകരണ-ഖിലാഫത്ത് പ്രസ്ഥാനത്തിലെ അഭിപ്രായ വ്യത്യാസം കാരണം അദ്ദേഹം എന്നെന്നേക്കുമായി കോൺഗ്രസിനോട് വിട പറഞ്ഞു. 1930 ആകുമ്പോഴേക്കും മുസ്‌ലിം ലീഗും കോൺഗ്രസും ഇരുധ്രുവങ്ങളിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിരുന്നു. ഈ കാലയളവിലാണ് കോൺഗ്രസിന്റെ പ്രമുഖരായ പല മുസ്ലിം നേതാക്കന്മാരും രാജിവെച്ച് മുസ്‌ലിം ലീഗിൽ ചേരുന്നത്. 1936 ആകുമ്പോഴേക്കും മൗലാനാ അബുൽ കലാം ആസാദ്, ഖാൻ അബ്ദുൽ ഗാഫർ ഖാൻ എന്നിവരൊഴികെയുള്ള പ്രമുഖ ദേശീയ മുസ്ലിം നേതാക്കൾ മുഴുവൻ കോൺഗ്രസ് വിട്ട് മുസ്‌ലിം ലീഗിൽ എത്തിക്കഴിഞ്ഞിരുന്നു. കെ.എം. സീതി സാഹിബ്, കെ.എം. മൗലവി തുടങ്ങിയ നേതാക്കളൊക്കെ ആ കാലയളവിലാണ് മുസ്‌ലിം ലീഗിൽ എത്തിയത്.
1937 ലഖ്‌നൗ സമ്മേളനത്തോടെ മുഹമ്മദലി ജിന്ന മുസ്‌ലിം ലീഗിന്റെ സമുന്നത നേതൃപദവിയിലേക്ക് ഉയർന്നു കഴിഞ്ഞിരുന്നു. ഇന്ത്യയിൽ വ്യാപകമായി മുസ്‌ലിം ലീഗിന് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിക്കുന്നത് ലഖ്‌നൗ സമ്മേളനത്തിലാണ്. അതിന്റെ ഭാഗമായാണ് മലബാറിലും മുസ്‌ലിം ലീഗിന് ജില്ലാ കമ്മിറ്റി ഉണ്ടാവുന്നത്. 1938 ആകുമ്പോഴേക്കും ഇന്ത്യൻ മുസ്ലിംകളുടെ അനിഷേധ്യ നേതാവായി മുഹമ്മദലി ജിന്ന മാറിയിരുന്നു. 1938 പാറ്റ്‌നയിൽ ചേർന്ന മുസ്‌ലിം ലീഗ് സമ്മേളനത്തിൽ പങ്കെടുക്കാൻ സിറ്റി റെയിൽവേ സ്റ്റേഷനിൽ എത്തിയ ഖാഇദെ അഅ്‌സമിനെ അനുയായികൾ ഏഴു നാഴിക ദൂരം ഘോഷയാത്രയായി കൊണ്ടുപോയത് അക്കാലത്തെ വലിയ വാർത്തയായിരുന്നു. 1940 ലെ ലാഹോർ സമ്മേളനത്തിൽ വെച്ച് 'ഭൂരിപക്ഷ മുസ്ലിം പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന സ്വയംഭരണ പ്രദേശം' എന്ന ലാഹോർ പ്രമേയം മുസ്‌ലിം ലീഗിനെക്കൊണ്ട് അംഗീകരിപ്പിച്ചത് മുതൽ പാക്കിസ്ഥാൻ രൂപം കൊള്ളുന്നത് വരെ ഇന്ത്യൻ മുസൽമാന്റെ അനിഷേധ്യ രാഷ്ട്രീയ നേതാവ് എന്ന നിലക്ക് താൻ വിശ്വസിക്കുന്നതും ലക്ഷ്യം വെക്കുന്നതുമായ കാര്യങ്ങൾ നേടിയെടുക്കുന്നതിനായി ഒരു കൊടുങ്കാറ്റ് പോലെ ജിന്നാ സാഹിബ് ആഞ്ഞടിച്ചു. കോൺഗ്രസുമായി ചേർന്ന് ഭരണ പങ്കാളിത്തത്തിന് മുഹമ്മദലി ജിന്ന നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് കടുത്ത തീരുമാനത്തിന് അദ്ദേഹം മുതിർന്നതെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
1941 ഏപ്രിൽ മാസം നടന്ന മദ്രാസ് മുസ്‌ലിം ലീഗ് സമ്മേളനത്തിനായി സഹോദരി ഫാത്തിമ ജിന്നയോടൊപ്പം തീവണ്ടിയിൽ പുറപ്പെട്ട ജിന്ന വഴിയിൽവെച്ച് രോഗാതുരനായെങ്കിലും ഡോക്ടർമാരുടെ വിലക്കുകൾ ലംഘിച്ച് സമ്മേളനത്തിൽ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തു. ഒരു ലക്ഷത്തിലധികം വരുന്ന തന്റെ അനുയായികളെ കണ്ട് ആവേശഭരിതനായ ജിന്ന രണ്ട് മണിക്കൂറോളം നീണ്ട ദീർഘമായ പ്രഭാഷണമാണ് നടത്തിയത്. ഈ യാത്രയിൽ മലബാർ സന്ദർശിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെങ്കിലും അനാരോഗ്യം മൂലം അതിന് കഴിഞ്ഞില്ല. കുറഞ്ഞ ദിവസത്തെ ഊട്ടിയിലെ വിശ്രമത്തിനു ശേഷം ബോംബെയിലേക്ക് തന്നെ മടങ്ങി. മുഹമ്മദലി ജിന്നയുടെ ജീവിതത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു ഉദ്യോഗ കാലാവധി തീരുകയായിരുന്ന ബോംബെ ഗവർണറായ വെല്ലിങ്ടൺ പ്രഭുവിന് തന്റെ സുഹൃത്തുക്കൾ നൽകിയ യാത്രയയപ്പ് ചടങ്ങ് ജിന്നയും അനുയായികളും കൂടി പരാജയപ്പെടുത്തിയത്.
വെല്ലിങ്ടൺ പ്രഭുവിന്റെ യാത്രയയപ്പ് ചടങ്ങ് തകർത്തതിന്റെ ഓർമക്കായി നിർമിച്ചതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആസ്ഥാനത്തെ പി.ജെ ഹാൾ എന്ന പീപ്പിൾസ് ജിന്ന ഹാൾ.
1948 സെപ്റ്റംബർ പതിനൊന്നിന് സംഭവ ബഹുലവും വിശ്രമ രഹിതവുമായ ആ ജീവിതയാത്രക്ക് വിരാമമായി.
ജിന്നയുടെ മരണത്തിൽ അനുശോചിച്ച് ലോകമെമ്പാടും യോഗങ്ങൾ ചേർന്നു. മദിരാശി അസംബ്ലി അദ്ദേഹത്തോടുള്ള ആദരസൂചകമായി അഞ്ചു മിനിറ്റ് നടപടിക്രമങ്ങൾ നിർത്തിവെച്ച് മൗനമാചരിച്ചു. മുഖ്യമന്ത്രി ഒ.പി. രാമസ്വാമി റെഡ്ഢിയാർ അവതരിപ്പിച്ച അനുശോചന പ്രമേയം സഭ പാസാക്കി. ബോംബെ, കൽക്കത്ത, മദിരാശി തുടങ്ങിയിടങ്ങളിലെ സർക്കാർ മന്ദിരങ്ങളിൽ ദുഃഖസൂചകമായി ദേശീയ പതാകകൾ താഴ്ത്തിക്കെട്ടി. ദൽഹിയിലെ കോൺഗ്രസ് ഓഫീസ് പ്രവർത്തനം നിർത്തി ദുഃഖത്തിൽ പങ്കുകൊണ്ടു. ദൽഹിയിലെ പത്രങ്ങൾ കറുത്ത ബോർഡോടു കൂടിയാണ് ജിന്നയുടെ മരണ വാർത്ത പ്രസിദ്ധീകരിച്ചത്. ഹിന്ദുസ്ഥാൻ ടൈംസ് മുഴുപ്പേജ് ചരമക്കുറിപ്പ് പ്രസിദ്ധീകരിച്ചു. ഗുജറാത്തിലെ സൂറത്തിൽ സമ്പൂർണ ഹർത്താൽ ആചരിച്ചു.
കേരളത്തിലും അതിന്റെ പ്രതിഫലനങ്ങൾ ഉണ്ടായി. റേഡിയോ കേന്ദ്രങ്ങളിൽ തടിച്ചുകൂടി നിന്നാണ് ജനം ആ വാർത്തയറിഞ്ഞത്. മുസ്‌ലിം ലീഗ് നേതാവ് ഇസ്മാഈൽ സാഹിബിന്റെയും ഗൾഫ് പര്യടനത്തിന്റെ ഭാഗമായി കുവൈത്തിലായിരുന്ന ബാഫഖി തങ്ങളുടെയും ആഹ്വാനപ്രകാരം കേരളത്തിലെ മുസ്ലിം പള്ളികളിൽ ജിന്നക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥനയും മയ്യിത്ത് നമസ്‌കാരവും നടന്നു.
വിയോഗ വാർത്ത അറിഞ്ഞ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മത കലാലയമായ വെല്ലൂർ ബാഖിയാത്ത് സ്വാലിഹാത്ത് അറബിക് കോളേജ് പ്രിൻസിപ്പൽ ശൈഖ് ആദം ഹസ്‌റത്ത് ജിന്നാ സാഹിബിന്റെ പേരിൽ മയ്യിത്ത് നിസ്‌കാരത്തിന് ഏർപ്പാട് ചെയ്തു. പെരിന്തൽമണ്ണ ഏലംകുളം സ്വദേശിയായ മൂസ മുസ്‌ലിയാരാണ് മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം കൊടുത്തത്. കേരളത്തിലെ പ്രമുഖ സിനിമാ തിയേറ്ററുകളിൽ ജിന്നയുടെ സംസ്‌കാരച്ചടങ്ങുകളുടെ വീഡിയോ ദൃശ്യങ്ങൾ സിനിമക്കു മുമ്പെ കാണിച്ചിരുന്നു.
മരണപത്രത്തിൽ തന്റെ സ്വത്തിന്റെ ഒരു ഭാഗം ബോംബെ സർവകലാശാലക്ക് എഴുതിവെച്ച മുഹമ്മദലി ജിന്ന ഒരിക്കലും ഇന്ത്യയുടെ ശത്രുവായിരുന്നില്ല.