Sorry, you need to enable JavaScript to visit this website.

സൈനിക പിന്മാറ്റം വേഗത്തിലാക്കും; ഇന്ത്യ- ചൈന സംയുക്ത പ്രസ്താവന

മോസ്‌കോ- അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യയും ചൈനയും അഞ്ച് കാര്യങ്ങളില്‍ ധാരണയിലെത്തി. സേനാ വിന്യാസം പിന്‍വലിക്കുന്നതിനും അതിര്‍ത്തിയിലെ പിരിമുറുക്കം കുറയ്ക്കുന്നതിനും നടപടികള്‍ കൈക്കൊള്ളും.

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
പൊതുവായി എടുത്ത തീരുമാനങ്ങളില്‍നിന്ന് ഇരുപക്ഷവും മാര്‍ഗനിര്‍ദേശം സ്വീകരിക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ തര്‍ക്കങ്ങളാകാന്‍ അനുവദിക്കരുതെന്നും ഇരുമന്ത്രിമാരും സമ്മതിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

അതിര്‍ത്തിയിലെ നിലവിലെ സ്ഥിതി ഇരുവിഭാഗത്തിന്റെയും താത്പര്യം സംരക്ഷിക്കുന്നതല്ലെന്നുംഅതിനാല്‍ ഇരുവിഭാഗത്തിന്റെയും അതിര്‍ത്തി സൈനികര്‍ സംഭാഷണം തുടരണമെന്നും വേഗത്തില്‍ പിന്മാറണമെന്നും പിരിമുറുക്കം ലഘൂകരിക്കുന്നതിനായി ശരിയായ ദൂരം നിലനിര്‍ത്തുമെന്നും ഇരുവിഭാഗവും സമ്മതിച്ചു.

നിലവിലുള്ള എല്ലാ കരാറുകളും പ്രോട്ടോക്കോളുകളും പാലിക്കുകയും അതിര്‍ത്തി പ്രദേശത്ത് സമാധാനവും നിലനിര്‍ത്തുമെന്നും ഇരുവരും സമ്മതിച്ചു. പ്രത്യേക പ്രതിനിധികള്‍ വഴിയുള്ള ആശയവിനിമയം ഇരുപക്ഷവും തുടരും. അതിര്‍ത്തി പ്രദേശങ്ങളില്‍ ശാന്തിയും സമാധാനവും മെച്ചപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്നതിനും പുതിയ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും ഇരുപക്ഷവും അംഗീകരിച്ചു.

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയാണ് ഇരുവരും  രണ്ടര മണിക്കൂര്‍ ചര്‍ച്ച നടത്തിയത്.

 

Latest News