ന്യൂദല്‍ഹി- രാജ്യത്ത് അധികാരത്തിലിരിക്കുന്നവരും അല്ലാത്തവരുമായ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കോടതികളില്‍ കെട്ടിക്കിടക്കിടക്കുന്നത് 4500ഓളം ക്രിമിനല്‍ കേസുകള്‍. 24 ഹൈക്കോടതികളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 4,442 കേസുകളാണ് അധികാരത്തിലരിക്കുന്നവരും കാലാവധി പൂര്‍ത്തിയാക്കിയവരുമായ എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കുമെതിരെ നിലവിലുള്ളത്. ഇതില്‍ 174 കേസുകള്‍ ജീവപര്യന്തം വരെ തടവു ലഭിക്കാവുന്ന കേസുകളാണെന്നും ജസ്റ്റിസുമാരായ എന്‍ വി രമണ, സൂര്യ കാന്ത്, ഋഷികേഷ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് അറിയിച്ചു. ഇത് ഞെട്ടിപ്പിക്കുന്നതാണെന്നും നേതാക്കളുടെ സ്വാധീനം കാരണമാണ് പ്രാരംഭഘട്ടത്തില്‍ തന്നെ ഇത്രയധികം കേസുകള്‍ കെട്ടിക്കിടക്കാന്‍ കാരണമെന്നും മൂന്നംഗ സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. 352 കേസുകളില്‍ വിചാരണ ഹൈക്കോടതിയോ സുപ്രീം കോടതിയോ തടഞ്ഞിട്ടുണ്ട്. ബംഗാളിലും പഞ്ചാബിലും 1981, 1983 കാലഘട്ടം വരെ പഴക്കമുള്ള കേസുകള്‍ കെട്ടിക്കിടക്കുന്നു. ഉത്തര്‍ പ്രദേശിലും ബിഹാറിലും 1991 വരെ പഴക്കമുള്ള കേസുകളും നിലവിലുണ്ട്.
ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ നേതാക്കളെ തെരഞ്ഞെടുപ്പുകളില്‍ നിന്ന് ആജീവനാന്തം വിലക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യയ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ കണക്കുകള്‍ പുറത്തു വിട്ടത്. നിലവില്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട നേതാക്കള്‍ക്ക് ആറു വര്‍ഷത്തെ വിലക്കാണുള്ളത്. ഈ ഹര്‍ജി പരിഗണിച്ച് നേരത്തെ രാജ്യത്തെ എല്ലാ ഹൈക്കോടതികളില്‍ നിന്നും ജനപ്രതിനിധികള്‍ക്കെതിരെ നിലവിലുള്ള കേസുകളുടെ വിവരം തേടിയിരുന്നു.
നേതാക്കള്‍ക്കെതിരായ വലിയ മറ്റു കേസുകളുടെ വിവരങ്ങളും സുപ്രീം കോടതി ഹൈക്കോടതികളില്‍ നിന്ന് തേടിയിട്ടുണ്ട്. അഴിമതി, കള്ളപ്പണ കേസുകളായിരിക്കും ഇത്. ഈ വിവരങ്ങള്‍ കേസില്‍ സുപ്രീം കോടതിയെ സഹായിക്കുന്ന അമിക്കസ് കൂറി മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് ഹന്‍സരിയയ്ക്കു കൈമാറണമെന്നും ബെഞ്ച് ഉത്തരവിട്ടു.