ലഖ്‌നൗ- അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മാണം പുരോഗമിക്കുന്ന രാമ ക്ഷേത്രത്തിന് മേല്‍നോട്ടം നല്‍കുന്ന ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് അജ്ഞാതര്‍ വ്യാജ ചെക്ക് നല്‍കി ആറു ലക്ഷം രൂപ തട്ടി. ശ്രീ റാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടുകളില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. രണ്ടു വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് 2.5 ലക്ഷവും 3.5 ലക്ഷം രൂപയുമാണ് തട്ടിയതെന്ന് അയോധ്യ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ദീപക് കുമാര്‍ പറഞ്ഞു.
ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായിയുടെ പരാതിയില്‍ അയോധ്യ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെക്ക് പിന്‍വലിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ച ചെക്കുകളുടെ അതേ സീരിയല്‍ നമ്പറിലുള്ള ചെക്കുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ട്രസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആറു ലക്ഷം രൂപ പിന്‍വലിക്കപ്പെട്ടതിനു ശേഷം വീണ്ടും തട്ടിപ്പുകാരില്‍ നിന്നും 9.86 ലക്ഷം രൂപയുടെ മറ്റൊരു ചെക്കു കൂടി ലഭിച്ചതിനെ തുടര്‍ന്ന് വെരിഫൈ ചെയ്യാനായി ബാങ്കില്‍ നിന്നും വിളിച്ചപ്പോഴാണ് തട്ടിപ്പു വിവരം ട്രസ്റ്റ് അറിയുന്നതെന്ന് പോലീസ് പറഞ്ഞു. ട്രസ്റ്റ് സെക്രട്ടറിയുടെ വ്യാജ ഒപ്പും വ്യാജ ചെക്കുകളിലുണ്ടായിരുന്നു. ചെക്കുകലുടെ സീരിയല്‍ നമ്പറുകള്‍ പുറത്തായതില്‍ ബാങ്കിന്റെ ഭാഗത്തും വീഴ്ചയുണ്ടായി എന്നാണ് പോലീസ് പറയുന്നത്. തട്ടിയ പണം പോയിട്ടുള്ളത് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഒരു അക്കൗണ്ടിലേക്കാണ്.