മുംബൈ- മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച മുംബൈയിലെ കോടതി വിധി പറയും. ജാമ്യാപേക്ഷ വിശദമായി കേട്ട ശേഷമാണ് കോടതി വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചത്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും കേസില്‍ തന്നെ തെറ്റായി പ്രതി ചേര്‍ത്തതാണെന്നുമാണ് റിയയുടെ വാദം. സ്വയം കുറ്റസമ്മതം നടത്താന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്റെ ജീവന്‍ അപകടത്തിലാണെന്നും ജാമ്യാപേക്ഷയിലുണ്ട്. തനിക്കെതിരെ ബലാത്സംഗ, വധ ഭീഷണികളുണ്ട്. മൂന്ന് ഏജന്‍സികളുടെ അന്വേഷണം മാനസികമായി ഏറെ തകര്‍ത്തു. സ്വയം കുറ്റസമ്മതം നടത്താന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ ഈ കുറ്റസമ്മതമെല്ലാം താന്‍ പിന്‍വലിച്ചതായും റിയയുടെ ജാമ്യാപേക്ഷയില്‍ പറയുന്നു.
എന്‍.സി.ബിയുടെ അറസ്റ്റ് അനാവശ്യവും ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നുമാണ് പ്രതിയുടെ വാദം. ചോദ്യം ചെയ്യലിന് ഒരു വനിതാ ഉദ്യോഗസ്ഥ പോലും ഉണ്ടായിരുന്നില്ല. പുരുഷ ഉദ്യോഗസ്ഥര്‍ എട്ട് മണിക്കൂര്‍ വരെ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും ഒരു നിയമോപദേശവും തേടാന്‍ അനുവദിച്ചില്ല. ചെറിയ അളവില്‍ മയക്കുമരുന്ന് കൈകാര്യം ചെയ്ത കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇത് ജാമ്യം ലഭിക്കുന്ന കുറ്റമാണെന്നും അപേക്ഷയില്‍ പറയുന്നുണ്ട്.