ന്യൂദല്‍ഹി- ബാങ്ക് വായ്പ എടുത്തവരുടെ ലോക്ഡൗണ്‍ കാല തിരിച്ചടവു പ്രതിസന്ധി ലഘൂകരിക്കാന്‍ പ്രഖ്യാപിച്ച മൊറട്ടോറിയം ഇളവ് സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മാസത്തവണകള്‍ തിരിച്ചടക്കാന്‍ പ്രയാസം നേരിടുന്നവരെ സഹായിക്കാന്‍ രണ്ടാഴ്ച്ചയ്ക്കം വ്യക്തമായ പദ്ധതി തയാറാക്കി കോടതിയെ അറിയിക്കണം. ഇതിനിടെ ഒരു നടപടിയും ഉണ്ടാകാന്‍ പാടില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും നല്‍കുന്ന അവസാന അവസരമാണിതെന്നും മൂന്നംഗ ബെഞ്ച് മുന്നറിയിപ്പു നല്‍കി. കേസ് ഇനിയും നീട്ടിക്കൊണ്ടു പോകാനാവില്ലെന്നും കോടതി വ്യക്തമാക്കി. സെപ്റ്റംബര്‍ 28ന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും. അതുവരെ വായ്പാ തിരിച്ചടവ് തെറ്റിയ വയ്പകളെ നിഷ്‌ക്രിയ ആസ്തിയാക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി.
മൊറട്ടോറിയം കാലയളവിലെ മാസത്തവണ തിരിച്ചടവുകള്‍ക്ക് പലിശ ഈടാക്കാനുള്ള നീക്കത്തിനെതിരെയുള്ള ഒരു പറ്റം ഹര്‍ജികളാണ് സുപ്രീം കോടതിക്കു പരിഗണിച്ചു വരുന്നത്. കാലാവധി നീട്ടി നല്‍കിയ വായ്പാ തിരിച്ചടവുകളുടെ പലിശയ്ക്കു മേല്‍ പലിശ ഈടാക്കുന്നത് ശരിയല്ലെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.