ന്യൂദൽഹി- സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ റിപ്പബ്ലിക് ടി.വി നടത്തുന്ന വ്യക്തിഹത്യ തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ശശി തരൂർ നൽകിയ ഹരജിയിൽ തീർപ്പാകുന്നത് വരെ ഒച്ചപ്പാടും ബഹളവും കുറക്കാൻ അർണബ് ഗോസാമിക്ക് ദൽഹി ഹൈക്കോടതിയുടെ നിർദ്ദേശം. ഒരു കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ ആരെയങ്കിലും കുറ്റവാളിയെന്ന് മുദ്രകുത്തരുതെന്നും സ്ഥിരീകരിക്കാനാകാത്ത അവകാശവാദങ്ങൾ ഉയർത്തരുതെന്നും കോടതി നിർദ്ദേശം നൽകി. തരൂരിന്റെ ഹരജിയിൽ മറുപടി നൽകാൻ അർണബ് ഗോസാമിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. അന്വേഷണത്തിന്റെയും തെളിവുകളുടെയും പവിത്രത മനസിലാക്കുകയും അത് ബഹുമാനിക്കുകയും ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.