പാറ്റ്‌ന- നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറിൽ മുഖ്യപ്രതിപക്ഷമായ ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിക്ക് കനത്ത പ്രഹരമേൽപ്പിച്ച് മുതിർന്ന നേതാവ് പാർട്ടി വിട്ടു. മുൻ കേന്ദ്രമന്ത്രിയും ആർ.ജെ.ഡി നേതാവുമായ രഘുവംശ പ്രസാദാണ് പാർട്ടി വിട്ടത്. ഇദ്ദേഹം നിതീഷ് കുമാറിന്റെ ജനതാദൾ യുനൈറ്റഡിൽ ചേരുമെന്നാണ് വിവരം. കാലങ്ങളായി ലാലു പ്രസാദ് യാദവിനൊപ്പം പ്രവർത്തിക്കുന്ന നേതാവാണ് രഘുവംശ പ്രസാദ്. കർപൂരി താക്കൂറിന്റെ മരണശേഷം 32 കൊല്ലം ഞാൻ നിങ്ങൾക്ക് പിന്നിൽ അടിയുറച്ചുനിന്നു. ഇനിയില്ലെന്ന് ലാലു പ്രസാദ് യാദവിന് നൽകിയ കത്തിൽ 74-കാരനായ രഘുവംശ പ്രസാദ് വ്യക്തമാക്കി. ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവ് പാർട്ടി നേതൃത്വം ഏറ്റെടുത്തത് മുതൽ രഘുവംശ പ്രസാദ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു.