കൊല്ലം- കൊല്ലം കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വഞ്ചിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യാ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടിയും കുടുംബവും മുങ്ങി. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹാജരാകാത്തതിനെ തുടര്‍ന്ന് പൊലീസ് കരുനാഗപ്പള്ളിയിലെ വസതിയിലെത്തിയെങ്കിയും കണ്ടെത്താനായില്ല. പ്രതിയുടെ ജേഷ്ഠ ഭാര്യയാണ് സീരിയല്‍ നടി. സംഭവത്തില്‍ നടിക്കും ബന്ധമുണ്ടെന്ന് കാട്ടി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടിയെ ചോദ്യം ചെയ്യലിനായി പോലീസ് വിളിച്ചത്. നടിയുടെയും കുടുംബത്തിന്റെയും മുഴുവന്‍ ഫോണുകളും സ്വിച്ച് ഓഫാണ്.
കേസില്‍ റിമാന്‍ഡിലാണ് പ്രതി ഹാരിസ്. ഹാരിസുമായാണ് പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് ഹാരിസ് പിന്മാറുകയും മറ്റൊരു വിവാഹത്തിനൊരുങ്ങുകയും ചെയ്തതോടെയാണ് പെണ്‍കുട്ടി ആത്മഹത്യചെയ്തത്. ഹാരിസിന്റെ കുടുംബത്തെ മൂന്നു ദിവസം മുന്‍പ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
ശേഷം രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി ഇവരെ കൊട്ടിയം പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ ഇവര്‍ ഹാജരായില്ല . ഹാജരാകാന്‍ അസൗകര്യമുണ്ട് എന്നാണ് ഇവര്‍ അറിയിച്ചത്. സ്ത്രീകളായതിനാല്‍ ഹാജരാകാന്‍ കഴിയില്ല എന്ന അവരുടെ അസൌകര്യം പോലീസ് പരിഗണിക്കുകയും ചെയ്തിരുന്നു.എന്നാല്‍ വീണ്ടുമൊരു ചോദ്യം ചെയ്യലിനായി പോലീസ് ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ആ കുടുംബത്തിലുള്ള എല്ലാവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളിയിലെ ഇവരുടെ താമസസ്ഥലത്ത് എത്തിയെങ്കിലും പോലീസിന് ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.