മുംബൈ- കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന 10 കോടി സ്മാര്‍ട് ഫോണുകള്‍ ഉല്‍പ്പാദിപ്പിച്ച് വിപണിയിലറക്കാന്‍ റിലയന്‍സ് ജിയോ പദ്ധതി. ഗൂഗ്‌ളിന്റെ ആന്‍ഡ്രോയ്ഡ്് ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണുകള്‍ക്കൊപ്പം ആകര്‍ഷകമായ ഡാറ്റാ പ്ലാനുകളും ഉണ്ടായിരിക്കുമെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം ഡിസംബറിലോ അടുത്ത വര്‍ഷം ആദ്യത്തിലോ ഇവ വിപണിയിലെത്തും. ഇവയില്‍ 4ജി അല്ലെങ്കില്‍ 5ജി കണക്ടിവിറ്റിയായിരിക്കും. ഗൂഗ്‌ളുമായി ചേര്‍ന്ന് കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന 4ജി അല്ലെങ്കില്‍ 5ജി ഫോണുകള്‍ ജിയോ വികസിപ്പിക്കുമെന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനി കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ ഉല്‍പ്പാദന ചെലവിന്റെ വെറും അംശം കൊണ്ടു മാത്രം എന്‍ട്രി ലെവല്‍ 4ജി/ 5ജി ഫോണുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നും അംബാനി പറഞ്ഞിരുന്നു.
ഗൂഗ്ള്‍ 33,737 കോടി രൂപയാണ് ജിയോയില്‍ നിക്ഷേപിച്ചിട്ടുള്ളത്. 7.7 ഓഹരി പങ്കാളിത്തവും ജിയോയില്‍ ഗൂഗ്‌ളിനുണ്ട്. ഈ പങ്കാളിത്തത്തിലൂടെ പുറത്തു വരുന്ന ജിയോയുടെ ആദ്യ പ്രധാന ഉല്‍പ്പന്നമായിരിക്കും ഈ പുതിയ സ്മാര്‍ട് ഫോണ്‍.