ആഗ്ര- കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ആറു മാസത്തിലേറെയായി അടച്ചിട്ട ചരിത്ര സ്മാരകം താജ്മഹല്‍ സെപ്തംബര്‍ 21 മുതല്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കു. ഒരു ദിവസം അയ്യായിരം പേര്‍ക്ക് മാത്രമെ പ്രവേശനം നല്‍കൂവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ആഗ്ര സര്‍ക്കിള്‍ സുപ്രന്റംഡിങ് ആര്‍ക്കിയോളജിസ്റ്റ് വസന്ത് സ്വരങ്കര്‍ അറിയിച്ചു. ആര്‍ക്കിയോളജി വകുപ്പിനു കീഴിലുള്ള ആഗ്രയിലെ മറ്റു സന്ദര്‍ശന കേന്ദ്രങ്ങളായ ചരിത്രസ്മാരകങ്ങളിലേക്ക് ഈ മാസം ഒന്നു മുതല്‍ പ്രവേശനം അനുവദിച്ചിരുന്നെങ്കിലും താജ്മഹലും ആഗ്ര കോട്ടയും തുറന്നിരുന്നില്ല. കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്നായിരുന്നു ഇത്.
സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ അടക്കമുള്ള എല്ലാ കോവിഡ് പ്രതിരോധ മുന്‍കരുതലുകളും കര്‍ശനമായി പാലിച്ചു മാത്രമെ സെപ്തംബര്‍ 21 മുതല്‍ താജ്മഹല്‍ സന്ദര്‍ശനം അനുവദിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു. ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈന്‍ വഴി മാത്രമാണ്. കൗണ്ടറുകള്‍ ഇപ്പോള്‍ തുറക്കില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലും താജ്മഹല്‍ അടച്ചിടുന്നത് തുടരും. ആഗ്ര ഫോര്‍ട്ട് ഞായറാഴ്ച തുറക്കില്ല.
1956ലേയും 1977ലേയും ഇന്ത്യാ പാക് യുദ്ധ വേളയില്‍ മാത്രമാണ് ഇതിനു മുമ്പ് ഇത്ര ദീര്‍ഘ കാലം താജ്മഹല്‍ മുമ്പ് പൂട്ടിയിട്ടിരുന്നത്.