Sorry, you need to enable JavaScript to visit this website.

അറസ്റ്റ് ഭയന്ന് ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകര്‍ ചൈന വിട്ടു

കാന്‍ബറ- ചൈനയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം ഉലയുന്നതിനിടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് ഭയന്ന് രണ്ട് ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകര്‍ നയന്ത്ര പരിരക്ഷയോടെ ചൈന വിട്ട് ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി വരുന്ന സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന് യുഎസ് മുന്നറിയിപ്പു നല്‍കിയിരുന്നു. ബില്‍ ബെര്‍ട്ട്ല്‍സ്, മൈക്കല്‍ സ്മിത്ത് എന്നിവരാണ് ചൊവ്വാഴ്ച രാത്രി വൈകി ചൈനയില്‍ നിന്ന് വിമാനം കയറിയത്. ഇവരുടെ കൂടെ ജോലി ചെയ്തിരുന്ന മറ്റൊരു ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ഷെങ് ലെയ് യെ കഴിഞ്ഞ മാസം ചൈനീസ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശങ്കയെ തുടര്‍ന്ന് ബില്‍ ബെര്‍ട്ട്ല്‍സും മൈക്കല്‍ സ്മിത്തും ഓസ്‌ട്രേലിയന്‍ നയന്ത്രകാര്യാലയങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഓസ്‌ട്രേലിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരാണ് ഇവരെ വിമാനം കയറ്റിവിട്ടത്. രാജ്യം വിടുന്നതിനു മുമ്പ് ഇവരെ ചൈനീസ് അധികൃതര്‍ ചോദ്യം ചെയ്തിരുന്നു. ഷെയ് ലെയ് യെ കുറിച്ചായിരുന്നു ചോദ്യം ചെയ്യല്‍. രാജ്യ സുരക്ഷാ കാരണങ്ങളാല്‍ ഷെങ് ലെയ് യെ പിടികൂടിയിരിക്കുകയാണെന്ന് ചൈന ഔദ്യോഗികമായി ചൊവ്വാഴ്ച അറിയിച്ചിരുന്നു. രാജ്യത്തെ നിയമം അനുസരിക്കുന്നതിടത്തോളം കാലം വിദേശ മാധ്യമപ്രവര്‍ത്തകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയ വക്താവ് സാവോ ലിജിയന്‍ പറഞ്ഞു.
 

Latest News