Sorry, you need to enable JavaScript to visit this website.

കോവിഡ് കാരണം ചികിത്സ താറുമാറായി; കോടിക്കണക്കിനു കുട്ടികള്‍ മരണത്തിലേക്ക്

ന്യൂയോര്‍ക്ക്- കോവിഡ് പകര്‍ച്ചവ്യാധി കാരണം ആരോഗ്യ മേഖലയിലുണ്ടായ തടസ്സങ്ങള്‍ ലോകമെമ്പാടും ദശലക്ഷക്കണക്കിന്  ജീവന്‍ അപകടത്തിലാക്കിയിരിക്കയാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്.

കോവിഡ് കാരണമുള്ള മരണ സംഖ്യക്കു പുറമെയാണിത്. കുട്ടികളുടെ മരണനിരക്ക് കുറയ്ക്കുന്നതില്‍ പതിറ്റാണ്ടുകള്‍ കൊണ്ട് കൈവരിച്ച പുരോഗതി കോവിഡ് 19 പിറകോട്ട് തള്ളുകയാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അകാല ജനനം, ന്യുമോണിയ തുടങ്ങി ശിശുമരണങ്ങളുടെ കാരണങ്ങള്‍ തടയുന്നതിലും ചികിത്സിക്കുന്നതിലും കഴിഞ്ഞ 30 വര്‍ഷമായി ശ്രദ്ധേയമായ മുന്നേറ്റങ്ങളാണ് കൈവരിച്ചിട്ടുള്ളത്.  

2019 ല്‍ ആഗോളതലത്തില്‍ അഞ്ച് വയസ്സിന് താഴെയുള്ള മരണങ്ങളില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയതായി യുഎന്‍ ചില്‍ഡ്രന്‍സ് ഫണ്ട് (യുനിസെഫ്) ലോകാരോഗ്യ സംഘടന, ലോക ബാങ്ക് ഗ്രൂപ്പ് എന്നിവ പ്രസിദ്ധീകരിച്ച കണക്കുകളില്‍ വ്യക്തമാക്കിയിരുന്നു.

തടയാന്‍ കഴിയുന്ന അസുഖങ്ങള്‍ കാരണം 1990 ല്‍ 12.5 ദശലക്ഷം കുട്ടികളാണ് മരിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷംഅത്  52 ലക്ഷം മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോവിഡ് മഹാമാരിയുടെ വ്യാപനം കാരണം പതിവ് ശിശു, മാതൃ ആരോഗ്യ സേവനങ്ങള്‍ വെട്ടിക്കുറക്കാന്‍ നിര്‍ബന്ധിതരായിരിക്കയാണ്.

77 രാജ്യങ്ങളിലായി നടത്തിയ യുനിസെഫ് സര്‍വേയില്‍ 68 ശതമാനത്തിലും  
കുട്ടികളുടെ ആരോഗ്യ പരിശോധനയിലും രോഗപ്രതിരോധ കുത്തിവയ്പ്പുകളിലും തടസ്സങ്ങള്‍ നേരിട്ടുവെന്നാണ് കണ്ടെത്തിയത്.

കോവിഡ് 19 കേസുകള്‍ ദേശീയ അടിസ്ഥാന സൗകര്യങ്ങളിലുണ്ടാക്കിയ തടസ്സം താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ കുട്ടികള്‍ക്കും അമ്മമാര്‍ക്കും ആരോഗ്യ സംരക്ഷണം നിഷേധിക്കുന്നതായി യുനിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്റിയേറ്റ ഫോര്‍ പറഞ്ഞു.

തടയാന്‍ കഴിയുന്ന ശിശുമരണങ്ങള്‍ ഇല്ലാതാക്കുന്നതില്‍ ആഗോള സമൂഹം വളരെയധികം മുന്നോട്ടുപോയെങ്കിലും ഇപ്പോള്‍ കോവിഡ് ഈ പാതയില്‍ വലിയ തടസ്സമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

ആരോഗ്യ സംവിധാനങ്ങളും സേവനങ്ങളും സാധാരണ നിലയിലാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ അഞ്ച് വയസ്സിന് താഴെയുള്ള ദശലക്ഷക്കണക്കിന് കുട്ടികള്‍, പ്രത്യേകിച്ച് നവജാതശിശുക്കള്‍ മരണത്തിനു കീഴടങ്ങേണ്ടിവരുമെന്നും അവര്‍ പറഞ്ഞു.

കോവിഡ് കാരണമുള്ള തടസ്സങ്ങള്‍ തുടരുകയാണെങ്കില്‍ ഓരോ ദിവസവും 6,000 കുട്ടികള്‍ അധികമായി മരിക്കുമെന്ന് ഈ വര്‍ഷം ആദ്യം ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

വികസ്വര രാജ്യങ്ങളില്‍ നവജാതശിശു സംരക്ഷണം സുപ്രധാനമാണ്. ഉദാഹരണത്തിന്, പ്രൊഫഷണല്‍ മിഡ്‌വൈഫുകളുടെ പരിചരണം ലഭിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ കുഞ്ഞിനെ നഷ്ടപ്പെടാനുള്ള സാധ്യത 16 ശതമാനവും അകാല ജനനത്തിനുള്ള സാധ്യത 24 ശതമാനവും കുറവാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

 

 

Latest News