തൃശൂർ - സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വ്പന സുരേഷിന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തുടരുന്നു. നെഞ്ചുവേദനയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിങ്കളാഴ്ച വൈകീട്ടാണ് സ്വപ്നയെ പ്രവേശിപ്പിച്ചത്. സ്വപ്‌നയുടെ ആരോഗ്യനില സംബന്ധിച്ച് ഇന്നലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വിദഗ്ധ ചികിത്സ തൽക്കാലം ആവശ്യമില്ലെന്നും ഒരു ദിവസം കൂടി നിരീക്ഷണത്തിൽ കഴിയട്ടെയെന്നുമാണ് ബോർഡ് തീരുമാനിച്ചത്. ബുധനാഴ്ച വീണ്ടും മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ഡിസ്ചാർജടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കും. എൻ.ഐ.എ കേസിലെ പ്രതിയായതിനാലാണ് മെഡിക്കൽ ബോർഡ് ചേർന്ന് കാര്യങ്ങൾ പരിശോധിക്കുന്നത്.
സ്വപ്നയെ പ്രവേശിപ്പിച്ചിരിക്കുന്ന സെല്ലിലും പുറത്തും അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി കൂടുതൽ പോലീസും എൻ.ഐ.എ പ്രതിനിധിയും ആശുപത്രിയിലെത്തി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരെങ്കിലും സ്വപ്നയെ കാണാൻ ശ്രമിക്കുമോ എന്ന സംശയത്തെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്. സെല്ലിൽ നിന്നും പുറത്തേക്ക് സ്വപ്നയെ പോകാൻ അനുവദിച്ചില്ല. നേഴ്‌സുമാരടക്കമുള്ളവരെ കർശന പരിശോധനക്ക് ശേഷമാണ് സെല്ലിലേക്ക് കടത്തി വിട്ടത്.
മെഡിക്കൽ കോളേജ് പോലീസ് എസ്.എച്ച്.ഒ പി.പി.ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഒരു എസ്.ഐയുടെ നേതൃത്വത്തിൽ വനിതാപോലീസ് അടക്കം ആറുപേരാണ് സ്വപനയുടെ കാവലിനായി ആദ്യം ഏർപ്പെടുത്തിയത്. കൂടുതൽ പോലീസും മറ്റും പിന്നീടാണ് എത്തിയത്.
മെഡിക്കൽ കോളേജ് ആശുപത്രിക്ക് പുറത്ത് പോലീസ് വാൻ സജ്ജമാക്കി നിർത്തിയിട്ടുണ്ട്.