Sorry, you need to enable JavaScript to visit this website.

കുഞ്ഞാലിക്കുട്ടി മടങ്ങി വരികയല്ല

ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരെ ജനാധിപത്യ ശക്തികളെ യോജിപ്പിച്ചു നിർത്താൻ ദൽഹിക്കു പോയ പി.കെ. കുഞ്ഞാലിക്കുട്ടിയെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ചുക്കാൻ ഏൽപിക്കുമ്പോൾ  മുസ്‌ലിം ലീഗിൽ എന്താണ് സംഭവിക്കുന്നത്? നിയമസഭയിലേക്ക് മത്സരിക്കാനോ ലോക്‌സഭാംഗത്വം രാജിവെച്ച് മലപ്പുറത്ത് മറ്റൊരു ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കാനോ മുതിരുന്നതായി അറിയിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഈ ചുമതലാ മാറ്റത്തിൽ വലിയ കാര്യമില്ലല്ലോ. ഇ.ടി. മുഹമ്മദ് ബഷീറിന് കുറെ കൂടി സ്വതന്ത്രമായി ദേശീയ തലത്തിലെ പ്രവർത്തനത്തിന് നേതൃത്വം നൽകാനും സംസ്ഥാനത്തെ രാഷ്ട്രീയത്തിൽ ലീഗിന്റെ ഇടപെടൽ ശേഷി വർധിപ്പിക്കാനും ഈ തീരുമാനം വഴി സാധിക്കും. ഇത് കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവല്ല.  


സംസ്ഥാനത്തെ യു.ഡി.എഫ് സംവിധാനത്തിൽ വലിയ പങ്ക് വഹിക്കുന്ന പാർട്ടിയായ മുസ്‌ലിം ലീഗിന് കുറച്ചുകാലമായി അതിന് കഴിയുന്നുണ്ടോ എന്ന് സംശയമാണ്. 1969 ൽ ഇ.എം.എസിന്റെ നേതൃത്വത്തിലെ സപ്തകക്ഷി മന്ത്രിസഭയെ താഴെയിടുക മാത്രമല്ല, സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ സി. അച്യുതമേനോനെ വിളിച്ചുവരുത്തി മുഖ്യമന്ത്രിക്കസേരയിൽ ഇരുത്തുകയും ചെയ്തത് മുസ്‌ലിം ലീഗ് നേതാവ് സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളാണ്. അച്യുതമേനോൻ സർക്കാർ മാത്രമാണ് തുടർഭരണത്തിന് യോഗ്യത നേടിയത്. ആദ്യ ഘട്ടത്തിൽ കോൺഗ്രസിന്റെ പുറമേനിന്നുള്ള പിന്തുണ മാത്രമായിരുന്നു ഈ മുന്നണിക്കുണ്ടായിരുന്നത്. തുടർന്നിങ്ങോട്ട് യു.ഡി.എഫിൽ മാറ്റമില്ലാത്ത കക്ഷികൾ കോൺഗ്രസും മുസ്‌ലിം ലീഗുമാണ്. കോൺഗ്രസിനകത്തെ തർക്കങ്ങളിൽ തീർപ്പുണ്ടാകുന്നത് വരെ ലീഗിന്റെ നിലപാടു കൂടി നോക്കിയാണ്. 


രാഷ്ട്രീയ കാലാവസ്ഥ ഏറെക്കുറെ അനുകൂലമാണെങ്കിലും ശക്തമായ ഛിദ്രത്തിന്റെ വക്കിൽ നിൽക്കുകയാണ് യു.ഡി.എഫ്. വീരേന്ദ്ര കുമാറിന്റെ പാർട്ടി നേരത്തെ യു.ഡി.എഫ് വിട്ടു. കേരള കോൺഗ്രസിലെ പ്രശ്‌നങ്ങൾ അതിരൂക്ഷമായി തുടരുകയാണ്. ജോസിന്റെയോ ജോസഫിന്റെയോ വിഭാഗം ഇടതുമുന്നണിയിലെത്താം. ആർ.എസ്.പിയിലും മറുകണ്ടം ചാടണമെന്ന അഭിപ്രായക്കാരുണ്ട്. കോൺഗ്രസിലാകട്ടെ രമേശ് ചെന്നിത്തല തന്നെ നയിക്കുമോ എന്ന് വ്യക്തമായിട്ടില്ല. ഉമ്മൻ ചാണ്ടി നയിക്കണമെന്ന പക്ഷം ശക്തമാണ്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇതിൽ ഏതു പക്ഷത്തിന്റെയും കൂടെ ചേരാം. ഉമ്മൻ ചാണ്ടി, കെ.എം. മാണി, കുഞ്ഞാലിക്കുട്ടി, ബാലകൃഷ്ണപിള്ള, വീരേന്ദ്ര കുമാർ….. എന്നിങ്ങനെ മുതിർന്ന നേതാക്കൾ യു.ഡി.എഫിന്റെ ശക്തിയായിരുന്നു. പിള്ളയും ഇടതുമുന്നണിയുടെ ഭാഗമാണ്. വീരനും മാണിയും കാലയവനികക്കുള്ളിൽ മറഞ്ഞു. ഉമ്മൻ ചാണ്ടി എം.എൽ.എയെങ്കിലും നിയമസഭാ പാർട്ടി നേതാവല്ല. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്കും പോയതോടെ യു.ഡി.എഫിന്റെ ആ തലപ്പൊക്കം ഏറെക്കുറെ നഷ്ടമായി. 
കുഞ്ഞാലിക്കുട്ടിക്ക് കേരള രാഷ്ട്രീയത്തിൽ ഇടമുണ്ട് -തർക്കങ്ങൾ ഒഴിയാത്ത യു.ഡി.എഫിൽ വിശേഷിച്ചും. ഒരരിശത്തിന് മുന്നണി വിട്ട കെ.എം. മാണിയെ മാന്യമായി തിരിച്ചെത്തിക്കാൻ മുന്നിൽ നിന്നതിന് കുഞ്ഞാലിക്കുട്ടി കേൾക്കാത്ത പഴിയില്ല.


കോൺഗ്രസിന് അവകാശപ്പെട്ട രാജ്യസഭാംഗത്വം എടുത്ത് ജോസ്‌മോന് കൊടുത്തതിന്റെ പേരിൽ. അതേ ജോസ് മോൻ അന്നു കൊടുത്ത രാജ്യസഭാംഗത്വം രാജിവെച്ച് ഇടതുമുന്നണിയിലേക്ക് പോകാനൊരുങ്ങുകയാണ്. 1991 ൽ മുതിർന്ന നേതാക്കളെ വെട്ടിയാണ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മുൻനിരയിൽ ഇരിപ്പിടം ഉണ്ടാക്കിയത്. സി.എച്ച്. മുഹമ്മദ് കോയക്കൊപ്പം പ്രവർത്തിച്ച യു.എ. ബീരാൻ, പി.എം. അബൂബക്കർ, പി. സീതി ഹാജി, എം.ജെ. സക്കരിയ്യാ സേട്ട് തുടങ്ങിയവരുള്ള നിയമസഭാ പാർട്ടിയുടെ നേതാവായി പി.കെ. കുഞ്ഞാലിക്കുട്ടി വരികയായിരുന്നു. സീതി ഹാജിയൊഴികെയുള്ളവർ പാർട്ടി വിടാൻ ഇത് കാരണമാകുകയും ചെയ്തു. അന്ന് ഇ. അഹമ്മദിനെ ലോക്‌സഭയിലേക്ക് അയച്ചുവെങ്കിലും അദ്ദേഹം അവിടെ പുതിയ സാധ്യതകൾ വെട്ടിയെടുത്തു. 
രണ്ടു യു.പി.എ സർക്കാറിലും മന്ത്രിയായ അഹമ്മദ് ഇതിന് ശേഷവും പാർട്ടിയിലെ  ശക്തികേന്ദ്രമായി തുടർന്നു. 1994 ൽ ചാരക്കേസിനെ തുടർന്ന് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി എ.കെ. ആന്റണിയെ പ്രതിഷ്ഠിച്ചതോടെയാണ് മുന്നണി രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടി ശ്രദ്ധേയനായത്.  1997 ൽ ആരംഭിച്ച കോഴിക്കോട് ഐസ്‌ക്രീം പാർലർ പെൺവാണിഭക്കേസിന്റെ പേരിൽ ഇദ്ദേഹം നിരന്തരം ഭീഷണിയിലായി. ഇതേ പേരിൽ ഇടക്കാലത്ത് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവരികയും 2006 ൽ തെരഞ്ഞെടുപ്പിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്‌തെങ്കിലും പൂർവാധികം ശക്തിയോടെ തിരിച്ചുവരാൻ കഴിഞ്ഞു. 


ഐസ്‌ക്രീം കേസിൽ വി.എസ്. അച്യുതാനന്ദൻ സമർപ്പിച്ച ഹരജിയിൽ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ചതാണെന്ന് സുപ്രീം കോടതിയെ അറിയിച്ചത് പിണറായി വിജയന്റെ സർക്കാറാണ്. 
ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് മലപ്പുറം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ സ്ഥാനാർഥിയെ കണ്ടെത്താൻ മുസ്‌ലിം ലീഗിന് അൽപം പ്രയാസപ്പെടേണ്ടിവന്നു. അങ്ങനെയാണ് കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. പിണറായി വിജയനെതിരെ നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവെന്ന നിലയിൽ പ്രവർത്തിക്കാനുള്ള പ്രയാസമാണെന്നൊക്കെ പ്രചാരണമുണ്ടായെങ്കിലും മുസ്‌ലിം ലീഗിന്റെ ദേശീയ നേതൃത്വം സ്വീകരിച്ചുകൊണ്ട് പുതിയ ചുവടുകൾ വെക്കുകയാണുണ്ടായത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നെ യു.പി.എയുടെ യോഗങ്ങളിൽ പങ്കെടുക്കുകയും ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ ചെലുത്തുകയും ചെയ്ത കുഞ്ഞാലിക്കുട്ടി പൗരത്വ നിയമവുമായി ബന്ധപ്പെട്ട നിയമ പോരാട്ടത്തിലും നേതൃത്വപരമായ പങ്കു വഹിച്ചു.  
ദേശീയ ജനറൽ സെക്രട്ടരിയായിരിക്കേ തന്നെ പാർട്ടിക്ക് ഏറ്റവും കരുത്തുള്ള കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിൽ അസ്വാഭാവികതയില്ല. കുഞ്ഞാലിക്കുട്ടിക്ക് പകരം വെക്കാവുന്ന നേതൃപാടവം ലീഗിൽ വളർന്നു വന്നിട്ടുമില്ല. നിയമസഭയിലെ നേതാവെന്ന ചുമതല ഡോ. എം.കെ. മുനീർ നിർവഹിക്കുന്നുണ്ടെങ്കിലും കുഞ്ഞാലിക്കുട്ടിയുടേത് ഇതിലും വലിയ പ്രവർത്തന മേഖലയായിരുന്നു. 


ഏതാനും മാസങ്ങളായി പിണറായി സർക്കാറിനെതിരായ എല്ലാ സമരങ്ങളിലും പ്രചാരണങ്ങളിലും വീറോടെ പങ്കെടുക്കുന്ന കുഞ്ഞാലിക്കുട്ടി പിണറായിയോട് മൃദുസമീപനം എന്ന ആരോപണത്തെയും തോൽപിക്കുന്നു. കോൺഗ്രസിന് പുതിയ പ്രസിഡന്റ് വരികയും പ്രവർത്തന സജ്ജമാവുകയും ചെയ്യാതെ ദേശീയ രാഷ്ട്രീയത്തിൽ കാര്യമായൊന്നും ചെയ്യാനില്ലെന്ന അവസ്ഥയും നിലവിലുണ്ട്. 
തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ചുമതലയെന്നാൽ സ്ഥാനാർഥിയാവുകയെന്നതാവണമെന്നില്ല. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുതിർന്നാൽ മലപ്പുറം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യമാകും. അതാകട്ടെ പാർട്ടിക്കും കുഞ്ഞാലിക്കുട്ടിക്കും വിനയായേക്കും.  

Latest News