ശിംല- ഉച്ചത്തില്‍ സംസാരിച്ചാല്‍ അത് കോവിഡ് പടരാന്‍ കാരണമാകുമെന്ന ഹിമാചല്‍ പ്രദേസ് നിയമസഭാ സ്പീക്കര്‍ വിപിന്‍ സിങ് പാര്‍മറുടെ മുന്നറിയിപ്പ് എംഎല്‍എമാര്‍ക്കിടയില്‍ ചിരിപടര്‍ത്തി. സഭാ സമ്മേളനത്തില്‍ കോവിഡ് പ്രോട്ടോകോള്‍ അംഗങ്ങളെല്ലാവരും കര്‍ശനമായി പിന്തുടരണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും എംഎല്‍എമാരെ ഓര്‍മ്മിപ്പിക്കുന്നതിനിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മുന്‍കരുതകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, ഉച്ചത്തില്‍ സംസാരിച്ചാല്‍ അത് കോവിഡ് പടരാന്‍ സഹായകമാകും. അതുകൊണ്ട് സാധാരണ പോലെ സംസാരിച്ച് വൈറസ് വ്യാപനം തടയുക- എന്നായിരുന്നു പാര്‍മറുടെ മുന്നറിയിപ്പ്. ഇതു കേട്ടതോടെ എംഎല്‍എമാര്‍ ഒന്നടങ്കം പൊട്ടിച്ചിരിച്ചു.
കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എ റീത ദേവിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ടെസ്റ്റ് നടത്തുന്നതിനു മുമ്പാണ് ഇവര്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഇവര്‍ വ്യക്തമായ സാമൂഹിക അകലം പാലിച്ചിരുന്നു. കോവിഡ് രോഗമുക്തി നേടിയ ബിജെപി എംഎല്‍എ പരംജിത് സിങ് പമ്മിയും ഊര്‍ജ മന്ത്രി സുഖ് റാം ചൗധരിയും സഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.