ന്യൂദല്‍ഹി- ചൈനീസ് ബന്ധത്തിന്റെ പേരില്‍ ദേശീയ സുരക്ഷ മുന്‍നിര്‍ത്തി നിരോധിക്കപ്പെട്ട ജനപ്രിയ മൊബൈല്‍ ഗെയിം പബ്ജി വൈകാതെ തിരിച്ചെത്തിയേക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടു വരികയാണെന്ന് ദക്ഷിണ കൊറിയന്‍ കമ്പനിയായ പബ്ജി കോര്‍പറേഷന്‍ അറിയിച്ചു. ചൈനീക് ടെക്ക് കമ്പനിയായ ടെന്‍സെന്റ് ആയിരുന്നു ഇന്ത്യയില്‍ പബ്ജിയുടെ പബ്ലിഷര്‍. ചൈനീസ് കമ്പനിയെ മാറ്റി ദക്ഷിണ കൊറിയ ആസ്ഥാനമായ മാതൃകമ്പനി തന്നെ പബ്ജിയെ നേരിട്ട് ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് നീക്കം. ഉപയോക്താക്കലുടെ സ്വകാര്യത, ഡേറ്റാ സുരക്ഷകള്‍ക്ക് മുന്തിയ പരിഗണന നല്‍കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നുവെന്ന് പബ്ജി കോര്‍പറേഷന്‍ വ്യക്തമാക്കി. ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രശ്‌നം പരിഹരിച്ച് എല്ലാ നിയമങ്ങലും നിയന്ത്രങ്ങളും പാലിച്ചുകൊണ്ട് വീണ്ടും ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് പബ്ജി ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി ഔദ്യോഗിക ബ്ലോഗില്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ ഇനി ടെന്‍സെന്റ് ഗെയിംസിന് പബ്ജി മൊബൈലിന്റെ ഫ്രാഞ്ചൈസി നല്‍കേണ്ടതില്ലെന്ന് പബജി കോര്‍പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ പബ്ജിയുടെ ചൈനീസ് ബന്ധം അവസാനിക്കും. ഇന്ത്യയില്‍ ഗെയിം പബ്ലിഷ് ചെയ്യുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം കമ്പനി തന്നെ ഏറ്റെടുക്കും. പ്ലെയര്‍ അണ്‍നോണ്‍സ് ബാറ്റില്‍ഗ്രൗണ്ട് (പബ്ജി)ന്റെ മൊബൈല്‍ വേര്‍ഷനായ പബ്ജി മൊബൈല്‍ ദക്ഷിണ കൊറിയന്‍ ഗെയ്മിങ് കമ്പനിയായ പബ്ജി കോര്‍പറേഷന്‍ വികസിപ്പിച്ചതാണെന്നും ഇതിന്റെ ബൗദ്ധിക സ്വത്തവകാശം ഈ കമ്പനിയില്‍ നിക്ഷിപ്തമാണെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.