Sorry, you need to enable JavaScript to visit this website.

നരസിംഹ റാവുവിന് ഭാരത രത്‌ന നല്‍കണമെന്ന് തെലങ്കാന നിയമസഭ, ഉവൈസിയുടെ പാര്‍ട്ടിക്ക് വിയോജിപ്പ്

ഹൈദരാബാദ്- മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി വി നരസിംഹ റാവുവിന് ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ പുരസ്‌ക്കാരമായ ഭാരത രത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന നിയമസഭയില്‍ പ്രമേയം. റാവുവിന്റെ നൂറാം ജന്മവാര്‍ഷികത്തില്‍ ഭാരത് രത്‌ന നല്‍കി ആദരിക്കണമെന്ന് പ്രമേയം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവാണ് പ്രമേയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഇതു സംബന്ധിച്ച പ്രഖ്യാപനം പാര്‍ലമെന്റിന്റെ വര്‍ഷക്കാല സമ്മേളനത്തില്‍ തന്നെ നടത്തണമെന്നും കെസിആര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടു. നരസിംഹ റാവുവിന്റെ ചിത്രം പാര്‍ലമെന്റില്‍ സ്ഥാപിക്കണം, ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയ്ക്ക് റാവുവിന്റെ പേരു നല്‍കണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. തെലങ്കാനയുടെ അഭിമാന പുത്രനായ നരസിംഹ റാവുവിന് കോണ്‍ഗ്രസ് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് പ്രമേയത്തെ പിന്താങ്ങി. അതേസമയം ചന്ദ്ര ശേഖര്‍റാവുന്റെ സഖ്യകക്ഷിയായ അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌സില് (എഐഎംഐഎം) പ്രമേയ ചര്‍ച്ച ബഹിഷ്‌ക്കരിച്ചു. മുന്‍ പ്രധാനമന്ത്രിക്ക് ഭാരത് രത്‌ന നല്‍കുന്നതിനെ പിന്തുണയ്ക്കില്ലെന്നും റാവുവിന്റെ വര്‍ഗീയ രാഷ്ട്രീയവും ബാബര മസ്ജിദിന് സംരക്ഷണം നല്‍കാതിരുന്ന നടപടിയും ഏവര്‍ക്കും അറിയാവുന്നതാണെന്നും മജ്‌ലിസ് പ്രതികരിച്ചു.
 

Latest News