ബർലിൻ- റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാൽനി സുഖം പ്രാപിക്കുന്നതായും കോമയിൽ നിന്നുണർന്നതായും ജർമ്മൻ ആശുപത്രി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ബർലിനിലെ ചാരിറ്റി ആശുപത്രി അധികൃതർ വ്യക്തമാക്കി. നോവിചോക് എന്ന പേരിലുള്ള വിഷ പദാർഥം ഉള്ളിൽ ചെന്നതിനെ തുടർന്ന് ഓഗസ്റ്റ് 22 മുതൽ ഇദ്ദേഹം ജർമ്മനിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ മാസം വിമാനയാത്രക്കിടയിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ സൈബെരീയയിൽ ചികിത്സക്ക് വിധേയനാക്കിയ ശേഷം പിന്നീട് ബർലിനിലേക്ക് മാറ്റുകയായിരുന്നു. കോമയിൽനിന്നുണർന്ന നവാൽനിയെ വെന്റിലേറ്ററിൽനിന്ന് മാറ്റി. നേരിയ തോതിൽ സംസാരിക്കുന്നുമുണ്ട്. ജർമൻ ചാൻസലർ എയ്ഞ്ചല മെർക്കലാണ് നവാൽനിക്ക് വിഷബാധയേറ്റതായി വെളിപ്പെടുത്തിയത്. സംഭവത്തിൽ റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിൻ ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകളെ റഷ്യ നിഷേധിച്ചിരുന്നു.