പാരീസ്-ഈച്ചയെ കൊല്ലാനുള്ള ശ്രമത്തിനിടയില്‍ വീടിനു തീപിടിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഫ്രാന്‍സിലെ ഡോര്‍ഡോണിയിലാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ ഈച്ച ശല്യം അനുഭവപ്പെടുകയും, തുടര്‍ന്ന് ഈച്ചയെ കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ തീപിടിക്കുകയുമാണ് ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച വൈകീട്ട് 7.45നാണ് സംഭവം അരങ്ങേറിയത് . ഡോര്‍ഡോണിയിലെ പാരക്കോള്‍ എന്ന പ്രദേശത്ത് താമസിച്ചിരുന്ന 80 വയസ്സുകാരന്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഈച്ച ശല്യം അനുഭവപ്പെട്ടപ്പോള്‍ ഈച്ചയെ കൊല്ലാന്‍ ശ്രമിക്കുകയും അതിനായി പ്രാണികളെ ഓടിക്കുന്ന ഇലക്ട്രിക്ക് റാക്കറ്റ് ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ ഇതേ സമയം തന്നെ ഇയാളുടെ വീട്ടിലെ ഗ്യാസ് സിലണ്ടര്‍ ലീക്ക് ആയിട്ടുണ്ടായിരുന്നു. അതിന് അടുത്ത് സ്ഥാനം ഉറപ്പിച്ച ഈച്ചയെ ഇലക്ട്രിക്ക് ബാറ്റുകൊണ്ട് തല്ലുന്നതിനിടെ ഉണ്ടായ ചെറിയ ഷോക്കില്‍ സ്‌ഫോടനവും തീപിടുത്തവും ഉണ്ടാകുകയായിരുന്നു.വീടിന്റെ വലിയൊരു ഭാഗം തന്നെ അഗ്‌നിക്കിരയായിട്ടുണ്ട്. അയല്‍ക്കാരാണ് ആദ്യം വീട്ടില്‍ സ്‌ഫോടനവും തീപിടുത്തവും ശ്രദ്ധിച്ചത്. തീപിടുത്തമുണ്ടായ വീട്ടിലെ താമസക്കാരന് കയ്യില്‍ പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസും അഗ്‌നിശമന വിഭാഗവും ചേര്‍ന്നാണ് വീടിന്റെ തീയണച്ചത്. പരിക്കേറ്റയാളെ ലിബോണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ് .