ലേ- ലഡാക്കിലെ സൗത്ത് പാങോങില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട തിബറ്റന്‍ സൈനികന്റെ സംസ്‌ക്കാര ചടങ്ങില്‍ ഉന്നത ബിജെപി നേതാവ് റാം മാധവ് പങ്കെടുത്തു. ഇന്ത്യന്‍ സൈന്യത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന രഹസ്യ തിബറ്റന്‍ സേനയായ സ്‌പെഷ്യല്‍ ഫ്രണ്ടിയര്‍ ഫോഴ്‌സിലെ (എസ്എഫ്എഫ്) സൈനികന്‍ നിമാ തെന്‍സിന്‍ ആണു കഴിഞ്ഞയാഴച കൊല്ലെപ്പട്ടത്. തിങ്കളാഴ്ച രാവിലെ നടന്ന ശവസംസ്‌ക്കാര ചടങ്ങിലാണ് ബിജെപി നേതാവ് പങ്കെടുത്തത്. തിബറ്റന്‍ വംശജരും ഇന്ത്യന്‍ സേനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. തിബറ്റന്‍ സൈനികന് അന്തിമോപചാരം അര്‍പ്പിക്കുന്ന ചിത്രം റാം മാധവ്് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നെങ്കിലും വൈകാതെ ഈ ചിത്രം അദ്ദേഹം ഡിലീറ്റ് ചെയ്തു. ബിജെപി നേതാവിന്റെ നീക്കം ചൈനയ്ക്കുള്ള സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.
തിബറ്റന്‍ നേതാവ് ദലൈ ലാമയെ പിന്തുണയ്ക്കുന്ന സൈനിക വിഭാഗമാണ് എസ്എഫ്എഫ്. തിബറ്റന്‍, ഇന്ത്യന്‍ പതാകകള്‍ക്കു കീഴിലാണ് ഇവര്‍ അണിനിരക്കുക. ഏറ്റവും ഉയര്‍ന്ന പര്‍വ്വത നിരകളില്‍ യുദ്ധം ചെയ്യുന്നതില്‍ വിദഗ്ധരാണിവര്‍. തിബറ്റന്‍ അഭയാര്‍ത്ഥികളില്‍ നിന്ന് റിക്രൂട്ട് ചെയ്യുന്നവരെയാണ് ഈ സേനയിലെടുക്കുന്നത്. 1962ലെ ഇന്ത്യാ-ചൈന യുദ്ധത്തിനു ശേഷം രൂപീകരിക്കപ്പെട്ട ഈ രഹസ്യ സേനയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പൊതുജനത്തിന് ലഭ്യമല്ല. 35,000ഓളം അംഗങ്ങള്‍ ഈ സേനയിലുണ്ടെന്ന് കണക്കാക്കപ്പെടുന്നു.