ന്യൂദല്‍ഹി- പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ പരിമാതിമായിരിക്കുമെന്നും അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് നയം മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
വിഷയങ്ങള്‍ പഠിക്കുന്നതിനേക്കാള്‍ കുട്ടികള്‍ ജ്ഞാനം ആര്‍ജിക്കുന്നതിനാണ് പുതിയ വിദ്യാഭ്യാസ നയം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗവര്‍ണര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് വിദ്യാഭ്യാസ നയവും വിദ്യാഭ്യാസ സമ്പ്രദായവും സുപ്രധാനമാണ്. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും അടക്കം എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. എന്നാല്‍ വിദ്യാഭ്യാസ നയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ പരിമിതമായിരിക്കുമെന്ന് മോഡി പറഞ്ഞു.
അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം വര്‍ധിപ്പിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയം. വിദ്യാര്‍ഥികള്‍ക്കാണ് ഇതില്‍ ഏറ്റവുമധികം പ്രാധാന്യം. സമഗ്രമായ നയത്തിനാണ് രൂപം നല്‍കിയിരിക്കുന്നത്. അതിനാല്‍ പ്രാധാന്യവും ഏറെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.