കൊല്‍ക്കത്ത- ഓണ്‍ലൈന്‍ ഗെയിമായ പബ്ജി കളിക്കാന്‍ കഴിയാത്ത നിരാശയില്‍ 21 കാരനായ വിദ്യാര്‍ഥി ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. ഐടിഐ വിദ്യാര്‍ത്ഥിയായ പ്രീതം ഹാല്‍ഡറിനെ ചക്ദാഹ പോലീസ് സ്‌റ്റേഷന്‍ പ്രദേശത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
രാവിലെ പ്രഭാത ഭക്ഷണം കഴിച്ച ശേഷം പ്രീതം മുറിയില്‍ കയറിയതായിരന്നു. ഉച്ചഭക്ഷണത്തിന് വിളിക്കാന്‍ പോയപ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയിരിക്കയായിരുന്നുവെന്ന് മാതാവ് രത്‌ന പറഞ്ഞു.
വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരെ വിളിച്ച് വാതില്‍ തകര്‍ത്ത് കയറിയപ്പോഴാണ് സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് പറഞ്ഞു. പബ്ജി കളിക്കാന്‍ കഴിയാത്തതിനാല്‍ മകന്‍ നിരാശനായിരുന്നുവെന്ന് മാതാവ് പറഞ്ഞു. ചൈനീസ് ഗെയിമായ പബ്ജി ബുധനാഴ്ച മുതല്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു.
പ്രീതത്തിന്റെ പിതാവ് ബിശ്വജിത് ഹാല്‍ഡര്‍ വിരമിച്ച സൈനികനാണ്.