കരിപ്പൂര്‍- രഹസ്യവിവരത്തെ തുടര്‍ന്ന് സ്വര്‍ണക്കടത്ത് പിടികൂടാനെത്തിയ രണ്ട് ഡിആര്‍ഐ ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച സ്വര്‍ണക്കടത്തു സംഘത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ഒരാളെ പിടികൂടി. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. ഇനോവ ക്രിസ്റ്റ കാറില്‍ നിന്ന് നാലു കിലോ സ്വര്‍ണം കണ്ടെടുത്തു. ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങി വന്ന കാര്‍ ഹജ് ഹൗസിനു സമീപത്തു വെച്ചാണ് ബുള്ളറ്റിലും കാറിലുമെത്തിയ ഡിആര്‍ഐ സംഘം കൈകാണിച്ചത്. നിര്‍ത്താതെ ബുള്ളറ്റിനെ ഇടിച്ചു തെറിപ്പിച്ചു മുന്നോട്ടെടുത്ത കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. പിന്തുടര്‍ന്നെത്തിയ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് ഒരാളെ മാത്രമെ പിടികൂടാനായുള്ളൂ. കാറില്‍ നടത്തിയ തെരച്ചിലില്‍ നാലു കിലോ സ്വര്‍ണം കണ്ടെടുത്തു. സംഭവത്തില്‍ പരിക്കേറ്റ ഡിആര്‍ഐ ഉദ്യോഗസ്ഥരെ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.