അലഹാബാദ്- ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ആയിരുന്ന കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കാന്‍ ഹരജി നല്‍കിയ ആള്‍ക്ക് അലഹബാദ് ഹൈക്കോടതി 25,000 രൂപ പിഴയിട്ടു.
പബ്ലിസിറ്റിക്കു വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ശശി കാന്ത് ഗുപ്ത, ഷമീം അഹമ്മദ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും കോടതി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മുന്‍വിചാരവും കൂടാതെ വളരെ ലാഘവത്തോടെ പബ്ലിസിറ്റി നേടാന്‍ വേണ്ടി കോടതിയെ സമീപിച്ച ഹരജിക്കാരന്റെ നടപടിയെ കോടതി വിമര്‍ശിച്ചു. കോടതിയുടെ വിലയേറിയ സമയം പാഴാക്കിയതിന് ഹരജിക്കാരനോട് 25,000 രൂപ അടയ്ക്കാന്‍ കോടതി ഉത്തരവിട്ടു.
കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം എടുത്തുകളയണമെന്ന് കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വരാണസി സ്വദേശിയായ നാഗേശ്വര്‍ മിശ്ര ഹരജി നല്‍കിയത്.
ഇന്ത്യന്‍ പൗരത്വ നിയമത്തിലെ 10ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് മിശ്രയുടെ അഭിഭാഷകന്‍ ശൈലേഷ് കുമാര്‍ ത്രിപാഠി വാദിച്ചത്. വ്യക്തിയുടെ പൗരത്വം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയേക്കാവുന്ന സാഹചര്യങ്ങളാണ് വകുപ്പ് 10 വ്യക്തമാക്കുന്നത്.