Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ ഇനി ഡോക്ടറുടെ കുറിപ്പ് വേണ്ട

ന്യൂദല്‍ഹി- ആവശ്യപ്പെടുന്നവര്‍ക്കെല്ലാം ഇനി മുതല്‍ കോവിഡ് പരിശോധന നടത്തണമെന്ന് ഐസിഎംആര്‍ നിര്‍ദേശിച്ചു.
കോവിഡ് പരിശോധന സംബന്ധിച്ച് പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് വ്യക്തികള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന് വ്യക്തമാക്കിയത്. ദേശീയ കോവിഡ് ടാസ്‌ക് ഫോഴ്സിന്റെ ശുപാര്‍ശ അനുസരിച്ചാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
രോഗ ലക്ഷണമുള്ളവരെ മാത്രമാണ്  ഇതുവരെ പരിശോധിച്ചിരുന്നത്. അതിവ്യാപന മേഖലകളില്‍ താമസിക്കുന്ന എല്ലാ വ്യക്തികളെയും ദ്രുത ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കണം. പ്രത്യേകിച്ച് കോവിഡ് രൂക്ഷമായ നഗരങ്ങളിലും പരിശോധന വ്യാപകമാക്കണം. കോവിഡ് പരിശോധന വൈകുന്നതിന്റെ പേരില്‍ ഗര്‍ഭിണികളുടെ ചികിത്സയ്ക്ക് കാലതാമസമുണ്ടാകരുതെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് നിലവിലുള്ള ശുപാര്‍ശകള്‍ വിപുലമാക്കി.  കണ്ടെയ്ന്‍മെന്റ് സോണുകളിലും അല്ലാത്ത ഇടങ്ങളിലും പതിവ് നിരീക്ഷണം, പ്രവേശന സ്ഥലങ്ങളില്‍ സ്‌ക്രീനിംഗ്,  ദ്രുത ആന്റിജന്‍ ടെസ്റ്റുകള്‍, 65 വയസിന് മുകളിലുള്ളവരും രോഗാവസ്ഥയുള്ളവരുമടക്കം ഉയര്‍ന്ന അപകട സാധ്യതയുള്ള എല്ലാ വ്യക്തികളെയും പരിശോധനയ്ക്ക് വിധേയരാക്കണം എന്നിവയും കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു.
    പരിശോധനയില്‍ ആദ്യം ദ്രുത ആന്റിജന്‍ ടെസ്റ്റ്, രണ്ടാമതായി ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ ട്രൂനാറ്റ് അതുമല്ലെങ്കില്‍ സിബിഎന്‍എഎടി പരിശോധന എന്ന ക്രമം വേണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന എല്ലാ ആളുകളേയും കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കണം. ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടുള്ള രോഗികള്‍ 14 ദിവസത്തേക്ക് ഹോം ക്വാറന്റൈനില്‍ നിര്‍ബന്ധമായും ഇരിക്കണമെന്നും ഐസിഎംആര്‍ പുറത്തിറക്കിയ പുതിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

 

Latest News