കോട്ടയം- കേരള കോൺഗ്രസ് എമ്മിനെ പരസ്യമായി പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതോടെ ഇന്ന് ചേരുന്ന കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം രാഷ്ട്രീയ നിലപാട് സംബന്ധിച്ച വ്യക്തമായ തീരുമാനത്തിലേക്ക് നീങ്ങുമെന്നാണ് സൂചന. കഴിഞ്ഞ മൂന്നു ദിവസമായി ദൽഹിയിലുള്ള ജോസ് കെ. മാണി എം.പി നാട്ടിലേക്ക് തിരിച്ചു. ഇന്ന് കോട്ടയത്ത് നടക്കുന്ന യോഗത്തിൽ കഴിയുന്നത്ര സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ നേരിൽ പങ്കെടുക്കണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ചു പ്രതിനിധികളെ ഓൺലൈനായി പങ്കെടുപ്പിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇന്നത്തെ യോഗം നിർണായകമാണെന്ന സൂചന നൽകുന്നതാണ് ഇത്. പാർട്ടി ചെയർമാനും ജനറൽ സെക്രട്ടറിയും ഉൾപ്പെടെ 69 പേരാണ് സമിതിയിലുള്ളത്. യോഗം തീരുമാനം എടുക്കുകയോ അതിൽ അന്തിമ തീരുമാനത്തിനും ചർച്ചകൾക്കുമായി നേതാക്കളെ ചുമതലപ്പെടുത്തുകയോ ചെയ്യാം. ജോസഫ് വിഭാഗത്തുള്ള സി.എഫ്. തോമസ് അടക്കമുള്ള നേതാക്കൾ ആരെങ്കിലും യോഗത്തിനെത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നിലപാട് വ്യക്തമാക്കിയതോടെ ഇടതുമുന്നണിയിലേക്കുള്ള യാത്ര കേരള കോൺഗ്രസ് എമ്മിന് എളുപ്പമായി. ജോസ് വിഭാഗവുമായി ചർച്ച നടത്തുന്നുണ്ടെന്നാണ് ആർ.എസ്.പി വ്യക്തമാക്കിയത്. ഇതോടെ യു.ഡി.എഫും വാതിലടച്ചിട്ടില്ലെന്നു വ്യക്തമായി. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകളും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും സമീപിക്കുന്ന സാഹചര്യത്തിൽ യു.ഡി.എഫിനെ ദുർബലമാക്കാനുള്ള ഒരവസരവും ഇടതുമുന്നണി പാഴാക്കില്ല. മുന്നണിയുടെ ആരംഭം മുതലുള്ള കക്ഷിയെ തെരഞ്ഞെടുപ്പ് വർഷത്തിൽ എൽ.ഡി.എഫിലെത്തിച്ചാൽ അത് യു.ഡി.എഫിന് പ്രഹരമാകുമെന്നാണ് ഇടതു കണക്കുകൂട്ടൽ. അതേ സമയം സ്വർണക്കടത്തും, ബിനീഷ് കോടിയേരി വിവാദവുംമൂലം പ്രതിച്ഛായ നഷ്ടപ്പെട്ട ഇടതുമുന്നണിയിലേക്ക് പോകുന്നത് ആത്മഹത്യാപരമെന്ന നിലപാടിലാണ് യു.ഡി.എഫ് നേതൃത്വം. ജോസ് കെ. മാണിക്ക് അത് നഷ്ടങ്ങൾ മാത്രമേ സമ്മാനിക്കൂ എന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്.
കേരളാ കോൺഗ്രസിനെ മുന്നണികൾ സ്വാഗതം ചെയ്യുമ്പോഴും സീറ്റ് നിർണയമാണ് അടുത്ത പ്രതിസന്ധി ഇടതു പാളയത്തിൽ പാലാ, കുട്ടനാട് സീറ്റുകൾ വിട്ടുകൊടുക്കില്ലെന്ന് എൻ.സി.പി പ്രഖ്യാപിച്ചു കഴിഞ്ഞു. ജോസ് കെ. മാണി തിരികെ എത്തിയാൽ സീറ്റിന്റെ കാര്യത്തിൽ ജോസഫിനെ പിണക്കേണ്ടി വരും എന്നതാണ് യു.ഡി.എഫിന് മുന്നിലെ കീറാമുട്ടി.
കുട്ടനാട്ടിൽ ആര് സ്ഥാനാർഥിയെ നിർണയിക്കും എന്നത് കേരളാ കോൺഗ്രസിൽ തന്നെ തർക്ക വിഷയമാണ്. പാർട്ടിയും ചിഹ്നവും ആരുടേതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയ സാഹചര്യത്തിൽ തങ്ങളുടെ സ്ഥാനാർഥി മത്സരിക്കുമെന്നാണ് ജോസ് കെ. മാണി വിഭാഗം പറയുന്നത്. ധൈര്യമുണ്ടെങ്കിൽ പി.ജെ. ജോസഫ് രണ്ടില ചിഹ്നത്തിൽ കേരള കോൺഗ്രസ് എമ്മിന്റെ പേരിൽ നോമിനേഷൻ കൊടുക്കട്ടെയെന്നാണ് വെല്ലുവിളി.
ചെയർമാൻ സ്ഥാനം ജോസ് കെ. മാണിക്ക് അനുവദിച്ചിട്ടില്ലെന്നാണ് ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ജോസഫ് നിർദേശിക്കുന്ന സ്ഥാനാർഥിയെ യു.ഡി.എഫിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അവർ പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം ജോസിനെ മുന്നണിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ യു.ഡി.എഫിലും എൽ.ഡി.എഫിലും തകൃതിയായി നടക്കുമ്പോഴും ഘടകകക്ഷികളിൽ അതൃപ്തി പുകയുന്നുണ്ട്. എൽ.ഡി.എഫിൽ സി.പി.ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ അതൃപ്തി വ്യക്തമാണ്. ഈ ഉപതെരഞ്ഞെടുപ്പിനപ്പുറം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സീറ്റുവിഭജനം കൂടി മുന്നിൽ കണ്ടാണ് ഈ നീക്കം. ഇടതു മുന്നണിയിലേക്ക് ജോസ് എത്തുന്നതിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും പാലാ കുട്ടനാട് സീറ്റുകൾ മോഹിച്ച് ആരും വരണ്ടന്ന് എൻ.സി.പി പറഞ്ഞുവയ്ക്കുന്നു.
യു.ഡി.എഫ് ജോസിനോട് മൃദുസമീപനം സ്വീകരിക്കുന്നുണ്ടെങ്കിലും മുതിർന്ന നേതാക്കളുടെ ഇടപെടൽ തൽകാലം വേണ്ടെന്ന നിലപാടിലാണ്. ലീഗിനും ജോസ് യു.ഡി.എഫിലെത്തുന്നതിൽ താൽപര്യം ഉണ്ട്. പക്ഷേ സീറ്റിൽ തീരുമാനമെടുക്കുമ്പോൾ ജോസഫിനെ പിണക്കേണ്ടി വരും എന്നതാണ് യു.ഡി.എഫിനെ കുഴക്കുന്നത്. അതേ സമയം ജോസ് കെ. മാണിയുടെ ഇടതു മുന്നണി പ്രവേശനം സംബന്ധിച്ച സൂചനകൾ ശക്തിപ്പെടുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി ദൽഹിയിലായിരുന്ന ജോസ് കെ. മാണി ഇക്കാര്യത്തിലുള്ള നേതൃതല ചർച്ച പൂർത്തിയാക്കി വ്യക്തമായ നിലപാടോടെയായിരിക്കും യോഗത്തിനെത്തുക.