മുംബൈ-മുംബൈ പൊലീസിനെ വിമര്‍ശിച്ച് നടി കങ്കണ നടത്തിയ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് കങ്കണക്കെതിരെ പ്രതിഷേധവുമായി ശിവസേന. ശിവസേനയുടെ മഹിളാ വിഭാഗമായ ദ്വിന്‍ദോഷി വിദാന്‍ സഭ തെരുവിലിറങ്ങി കങ്കണയുടെ ചിത്രത്തില്‍ ചെരിപ്പൂരി അടിക്കുകയും കോലം കത്തിച്ച് അസഭ്യം ചൊരിഞ്ഞും പ്രതിഷേധിച്ചു.കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് റാവത്തിനെതിരെ പ്രതികരിക്കുമ്പോള്‍ കങ്കണ റണാവത്ത് മുംബൈ നഗരം പാക് അധിനിവേശ കശ്മീര്‍ പോലെയാണെന്ന് പറഞ്ഞിരുന്നു. ഇതിനെത്തുര്‍ന്ന് റാവത്ത് തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിരുന്നതായി താരം ആരോപിച്ചിരുന്നു.തനിക്ക് നേരേയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും തക്കതായ നടപടിയെടുക്കാന്‍ മുംബൈ പോലീസിന് കഴിഞ്ഞില്ലെന്നും കങ്കണ ആരോപിച്ചു. ഇതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ പൊലീസിനെ വിശ്വാസമില്ലെങ്കില്‍ ഇനി മുംബൈയിലേക്ക് വരേണ്ടതില്ലെന്ന് ശിവസേന നേതാവായ റാവത്ത് ഭീഷണിപ്പെടുത്തിയതായി താരം പറഞ്ഞു.'മുംബൈയിലേക്ക് തിരിച്ചു വരരുതെന്ന് പറഞ്ഞ് എന്നെ പലരും ഭീഷണിപ്പെടുത്തുന്നുണ്ട്, അതുകൊണ്ട് വരുന്ന സെപ്റ്റംബര്‍ 9ന് ഞാന്‍ മുംബൈയിലേക്ക് വരാന്‍ തീരുമാനിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ എത്തുന്ന സമയം ഞാന്‍ അറിയിക്കുന്നതാണ്. നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ എന്നെ തടയൂ', എന്നാണ് കങ്കണ തന്റെ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.