ചെന്നൈ- കഴിഞ്ഞ വർഷം നവംബറിൽ പ്രധാനന്ത്രി നേരേന്ദ്ര മോഡി പ്രഖ്യാപിച്ച നോട്ടു നിരോധനത്തെ പിന്തുണച്ചതിന് നടൻ കമൽ ഹാസൻ പൊതുജനങ്ങളോട് മാപ്പു ചോദിച്ചു. തമിഴ് വാരികയായ വികടനിൽ 'ഒരു വലിയ ക്ഷമാപണം' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് കമലിന്റെ ക്ഷമാപണം. 'തിടുക്കപ്പെട്ട് നോട്ടുനിരാധനത്തെ പിന്തുണച്ചതിന് ഞാൻ ജനങ്ങളോട് ക്ഷമചോദിക്കാൻ കടപ്പെട്ടിരിക്കുന്നു'എന്നാണ് കമൽ എഴുതിയത്.
കടുംപിടിത്തമില്ലാതെ മോഡി തെറ്റ് അംഗീകരിക്കുകയും തിരുത്താൻ തയാറാവുകയും ചെയ്താൽ ഒരിക്കൽ കൂടി അദ്ദേഹത്തെ അഭിനന്ദിക്കുമെന്നും കമൽ ലേഖനത്തിൽ വ്യക്തമാക്കി. 'സ്വന്തം തെറ്റുകൾ തിരിച്ചറിയുകയും തെറ്റു സംഭവിച്ചെങ്കിൽ അത് അംഗീകരിക്കുകയും ചെയ്യലാണ് ഒരു മികച്ച നേതാവിന്റെ അടയാളം. ഗാന്ധിക്ക് അതിനു കഴിഞ്ഞിരുന്നു. ഇന്നും അത് സാധ്യമാണ്,' കമൽ വ്യക്തമാക്കി.
നോട്ടു നിരോധനം നടപ്പാക്കുന്നതിൽ ചെറിയ പ്രശ്‌നങ്ങൾ മാത്രമെ ഉണ്ടാകൂ എന്നാണ് താൻ കരുതിയതെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ സഖാക്കളിൽ പലരും സാമ്പത്തിക ശാസ്ത്രം അറിയാവുന്നവർ ഉൾപ്പെടെയുള്ളവർ വിളിച്ച് എന്റെ കാഴ്ചപ്പാടിനെ വിമർശിച്ചു. ഈ പദ്ധതി നല്ലതാണെങ്കിലും അത് നടപ്പിലാക്കുമ്പോൾ ചെറിയ പ്രശ്‌നങ്ങളെ ഉണ്ടാകൂവെന്ന് വിശ്വസിച്ചു സമാധാനിക്കുകയായിരുന്നു,' ലേഖനത്തിൽ കമൽ പറയുന്നു.
2016 നവംബർ എട്ടിന് 500, 1000 രൂപാ നോട്ടുകൾ നിരോധിച്ചുകൊണ്ടുള്ള മോഡിയുടെ പ്രഖ്യാപനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയ സെലിബ്രിറ്റികളിൽ ഒരാളായിരുന്നു കമൽ. രാഷ്ട്രീയ പാർട്ടി ഭിന്നതകൾ മറന്ന് എല്ലാവരും, പ്രത്യേകിച്ച് നികുതിദായകർ ഈ തീരുമാനത്തെ ആഘോഷിക്കണമെന്നാണ് നോട്ടുനിരോധനത്തിനു തൊട്ടുപിറകെ കമൽ ട്വീറ്റ് ചെയ്തത്.