ഹൈദരാബാദ്- യാത്രക്കാർക്കു നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരത്തിൽ മുന്നിട്ടു നിൽക്കുന്ന ലോകത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് ഒന്നാമതെത്തി. എയർപോർട്‌സ് കൗൺസിൽ ഇന്റർനാഷണൽ (എസിഐ) ആണ് വർഷംതോറും വിമാനത്താവള സേവന ഗുണമേന്മ സർവെ നടത്തി റാങ്ക് നൽകുന്നത്. പ്രതിവർഷം 50 ലക്ഷം മുതൽ 1.5 കോടി വരെ യാത്രക്കാർ എത്തുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തിലാണ് ഹൈദാരാബാദ് ഒന്നാമതെത്തിയത്.
2009ൽ ഹൈദരാബാദ് വിമാനത്താവളത്തിലെ സേവന ഗുണമേന്മയക്ക് ലഭിച്ച സ്‌കോർ 4.4 ആയിരുന്നു. 2016ൽ ഈ സ്‌കോർ 4.6 ആയി ഉയർത്താൻ കഴിഞ്ഞു. എ.സി.ഐ പുരസ്‌കാരം ഹൈദരാബാദ് വിമാനത്താവളം സിഇഒ എസ് ജി കെ കിഷോർ എസിഐ ഡയറക്ടർ ജനറൽ ആഞ്ചെല ഗിറ്റെൻസിൽ നിന്നും ഏറ്റുവാങ്ങി. മൊറീഷ്യസിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുരസ്‌ക്കാര പ്രഖ്യാപനവും വിതരണവും നടന്നത്.