മുംബൈ- വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം ചെയ്തുവെന്ന ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിച്ചതായി സൂചന. ഫലം മുംബൈയിലെ ദിന്‍ദോഷി സെഷന്‍സ് കോടതിയില്‍ പോലീസ് സമര്‍പ്പിച്ചതായാണ് സൂചന
ലോക്ക്ഡൗണിനു ശേഷം കേസ് പരിഗണിക്കും. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ മുംബൈയിലെ കോടതികളൊന്നും പ്രവര്‍ഡത്തിക്കുന്നില്ല. അത്യാവശ്യ കേസുകള്‍ മാത്രം വീഡിയോ കോണ്‍ഫറന്‍സ് വഴി പരിഗണിക്കുന്നു. യുവതിയുടെ പരാതിയില്‍ മുംബൈ ഓഷ്‌വാര പോലീസാണ് ബിനോയിക്കെതിരെ കേസെടുത്തത്. പരാതിക്കാരിയുടെ എട്ട് വയസ്സുകാരനായ മകന്റെ പിതൃത്വം പരിശോധിക്കാനായി ബിനോയ് ഡി.എന്‍.എ. പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കിയിരുന്നു. സീല്‍ ചെയ്ത പരിശോധനാ ഫലം കോടതിയില്‍ ഹാജരാക്കണമെന്നായിരുന്നു ഉത്തരവ്. ബിനോയ് കോടിയേരി ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയനാകണമെന്ന് ബോംബെ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഇതിനിടെ, തനിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് കോടതി രണ്ടു വര്‍ഷത്തേയ്ക്ക് മാറ്റിവച്ചത് ബിനോയിക്ക് തിരിച്ചടിയായിരുന്നു. ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതി കെട്ടിച്ചമച്ചതാണെന്നും പരാതി നല്‍കാനുണ്ടായ കാലതാമസവും മൊഴികളിലെ വൈരുദ്ധ്യവും ചൂണ്ടിക്കാട്ടിയാണ് ബിനോയ് ഹൈക്കോടതിയെ സമീപിച്ചത്.
ബിനോയ് കോടിയേരി കേസില്‍ ഒത്തുതീര്‍പ്പിനായി യുവതിയുമായി സംസാരിച്ചതിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. ബിനോയിയെ പൂട്ടാനുള്ള തെളിവുകളുമായാണ് യുവതിയുടെ അഭിഭാഷകനും കോടതിയില്‍ എത്തിയത്. ബിനോയിയും കുട്ടിയുമൊത്തുള്ള ചിത്രങ്ങളും മറ്റു രേഖകളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നും രേഖപ്പെടുത്തിയിരുന്നു.