ലഖ്‌നൗ- തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിനു പകരമായി സുപ്രീം കോടതി വിധി പ്രകാരം അയോധ്യയില്‍ മറ്റൊരിടത്തു നിര്‍മ്മിക്കുന്ന പള്ളിക്ക് ബാബരി മസ്ജിദിന്റെ അതേ വലിപ്പമായിരിക്കുമെന്ന് നിര്‍മാണത്തിന് മേല്‍നോട്ടം നല്‍കുന്ന ട്രസ്റ്റ്. അയോധ്യയിലെ ധന്നിപൂരിലെ അഞ്ചേക്കര്‍ ഭൂമിയിലാണ് മസ്ജിദും ആശുപത്രിയും ലൈബ്രറിയും മ്യൂസിയവുമ്ലെല്ലാം ഉള്‍പ്പെടുന്ന സമുച്ചയം പണിയുന്നത്. പ്രൊഫസര്‍ പുഷ്‌പേശ് പാന്ത് മ്യൂസിയത്തിന്റെ ക്യൂറേറ്ററാകുമെന്നും ഇന്തോ-ഇസ്‌ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന്‍ (ഐഐസിഎഫ്) സെക്രട്ടറിയും വക്താവുമായ അത്താര്‍ ഹുസൈന്‍ പറഞ്ഞു. മസ്ജിദ് നിര്‍മാണത്തിനായി ഉത്തര്‍ പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡാണ് ഐഐസിഎഫ് രൂപീകരിച്ചത്.
നിര്‍മാണ് പദ്ധതിയുടെ കണ്‍സല്‍ട്ടന്റ് ആര്‍കിടെക്റ്റ് കേന്ദ്ര സര്‍വകലാശാലയായ ജാമിഅ മില്ലിയ ഇസ്‌ലാമിയിലെ പ്രൊഫസര്‍ എസ് എം അഖ്തര്‍ ആയിരിക്കുമെന്നും ഹുസൈന്‍ അറിയിച്ചു. ജാമിഅയിലെ ആര്‍കിടെക്ചര്‍ വിഭാഗം മേധാവിയാണ് പ്രൊഫസര്‍ അഖ്തര്‍. ഇന്ത്യയുടെ സവിശേഷതകളും ഇസ്‌ലാമിന്റെ പ്രഭാവവും ഒരുമിച്ചു ചേര്‍ന്നതായിരിക്കും ഈ സമുച്ചയമെന്ന് പ്രൊഫസര്‍ അഖ്തര്‍ നേരത്തെ പറഞ്ഞിരുന്നു.
സുപ്രീം കോടതി നിര്‍ദേശ പ്രകാരം അയോധ്യയിലെ ധന്നിപൂര്‍ ഗ്രാമത്തിലാണ് യുപി സര്‍ക്കാര്‍ മസ്ജിദ് നിര്‍മാണത്തിനായി അഞ്ചേക്കര്‍ അനുവദിച്ചത്. പുരാതന രാമ ക്ഷേത്രം നിലനിന്നിരുന്നിടത്താണ് ബാബരി മസ്ജിദ് സ്ഥാപിക്കപ്പെട്ടതെന്ന് വാദിക്കുന്ന സംഘപരിവാര്‍ ഹിന്ദുത്വ ശക്തികള്‍ 1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് തകര്‍ത്തത്. മൂന്നു പതിറ്റാണ്ടോളം നീണ്ട നിയമ യുദ്ധത്തിനൊടുവില്‍ സുപ്രീം കോടതി ഈ ഭൂമി രാമ ക്ഷേത്രത്തിനായി വിട്ടു കൊടുത്ത് ഉത്തരവിടുകയായിരുന്നു. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ പുരാതന ക്ഷേത്രമുണ്ടായിരുന്നു എന്നതിന് തെളിവുകളൊന്നും ഇല്ലെന്നും മസ്ജിദിനുള്ളില്‍ പിന്നീട് വിഗ്രഹം സ്ഥാപിച്ചത് തെറ്റാണെന്നും സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.