Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പിലേക്കുണർന്ന് കേരളം; രാഷ്ട്രീയ കരുനീക്കം സജീവം

കോഴിക്കോട് - കേരളം പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി രാഷ്ട്രീയ കരുനീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 
പഞ്ചായത്ത് - മുനിസിപ്പൽ- കോർപ്പറേഷൻ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒക്‌ടോബറിൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി നവംബറിൽ പുതിയ ഭരണ സമിതികൾ വരണമെന്ന നിലയിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നീങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം 2021 മാർച്ചിൽ വരും. 
തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടിക പുതുക്കുന്ന പ്രക്രിയ നടന്നുവരികയാണ്. 2015ൽ ഉപയോഗിച്ച പട്ടിക പുതുക്കാനുള്ള സംസ്ഥാന സർക്കാറിന്റെ നീക്കം തന്നെ കോടതി കയറി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടർ പട്ടികയാണ് വേണ്ടതെന്ന് പ്രതിപക്ഷം വാദിക്കുകയും ഇതിനായി കോടതി കയറുകയും ചെയ്‌തെങ്കിലും സുപ്രീം കോടതിയിൽനിന്ന് അനുകൂല വിധി നേടിയാണ് സംസ്ഥാന കമ്മീഷൻ ഇപ്പോൾ 2015ലെ പട്ടികയിൽ കൂട്ടിച്ചേർക്കലും ഒഴിവാക്കലും പ്രക്രിയ നടത്തുന്നത്. വാർഡുകളുടെ അതിർത്തി പുനർ നിർണയിക്കാനുള്ള സർക്കാറിന്റെ ശ്രമവും വിവാദമായി. ഒടുവിൽ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. 


2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിയ വോട്ടർ പട്ടിക ഇരിക്കെ എന്തിനാണ് നാലു വർഷം മുമ്പത്തെ പട്ടിക എടുക്കുന്നതെന്ന ചോദ്യമാണ് ഉയർന്നത്. 2015ലേതാവുമ്പോൾ കൂടുതൽ വോട്ടുകൾ ചേർക്കാനും ഒഴിവാക്കാനുമുണ്ടാകും. 2019ലെ പട്ടിക പഞ്ചായത്ത് വാർഡുകളുടെ അടിസ്ഥാനത്തിലല്ലെന്നതാണ് 2015ലേത് ഉപയോഗിക്കാനുള്ള കാരണം. 2019ലേത് പഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിലേക്ക് മാറ്റാൻ കൂടുതൽ സമയം എടുക്കുമെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പ് നീണ്ടുപോകുമെന്നും സർക്കാർ വാദിച്ചു. 
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടതുമുന്നണിക്ക് പ്രത്യേകിച്ച് സി.പി.എമ്മിനുള്ള മേൽക്കൈയാണ് യു.ഡി.എഫിനെ ഭയപ്പെടുത്തുന്നത്. പുതിയ വോട്ടർമാരെ ചേർക്കുന്നതിനും മരിച്ചവരെയും സ്ഥലം മാറിയവരെയും  ഒഴിവാക്കുന്നതിനും പാർട്ടികളാണ് മുന്നിൽ നിൽക്കുക. ശക്തമായ പാർട്ടി സംവിധാനമുള്ള സി.പി.എം ഇക്കാര്യത്തിൽ നേട്ടമുണ്ടാക്കുമെന്ന ഭയം മൂലമാണ് 2019ലെ പട്ടിക ഉപയോഗിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്തുന്നത് ഇടതു അനുകൂലികളായ സർക്കാർ ജീവനക്കാരായിരിക്കുമെന്നതും യു.ഡി.എഫിന്റെ ഭയത്തിന് കാരണമാണ്. 


പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ് മുന്നണികൾക്കും ബി.ജെ.പിക്കും ഒരുപോലെ വെല്ലുവിളിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ കേളി കൊട്ടായി ഇത് മാറുമെന്നതാണ് കാരണം. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം മുന്നണികളെ മാറിമാറി തഴുകുമ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനാണ് മുൻതൂക്കം. പ്രാദേശിക നേതാക്കളുടെയും സംവിധാനത്തിന്റെയും കാര്യക്ഷമതയിൽ സി.പി.എം തന്നെയാണ് മുമ്പിൽ. ബി.ജെ.പിക്കും മുസ്‌ലിംലീഗിനുമാണ് പിന്നീട് അല്പമെങ്കിലും ഇക്കാര്യത്തിൽ മികവ് പറയാനാവുന്നത്. 


2015ലെ തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് മികച്ച വിജയമാണ് സമ്മാനിച്ചത്. അതേ സമയം ബി.ജെ.പിയുടെ മുന്നേറ്റവും കണ്ടു. 2010ലാകട്ടെ യു.ഡി.എഫിനുണ്ടായത് ചരിത്ര വിജയമായിരുന്നു. 
2015ൽ ജില്ലാ പഞ്ചായത്തുകളിൽ ഇടതു വലതു വ്യത്യാസം വളരെ കുറവായിരുന്നു. എട്ടിടത്ത് എൽ.ഡി.എഫും ഏഴിടത്ത് യു.ഡി.എഫും ജയിച്ചു. ഗ്രാമപഞ്ചായത്തുകളിൽ ഒമ്പത് ജില്ലകളിൽ എൽ.ഡി.എഫ് മുന്നിലെത്തി. 941 ഗ്രാമ പഞ്ചായത്തിൽ 551 എണ്ണം നേടിയത് എൽ.ഡി.എഫാണ്. ഐക്യജനാധിപത്യ മുന്നണിക്ക് കിട്ടിയത് 362 എണ്ണം. ബി.ജെ.പി. 14 പഞ്ചായത്തുകളിൽ ഭൂരിപക്ഷം നേടി. 152 ബ്ലോക്ക് പഞ്ചായത്തിൽ 88 ഇടതുമുന്നണിക്കും 63 എണ്ണം ഐക്യമുന്നണിക്കുമായിരുന്നു. 86 മുനിസിപ്പാലിറ്റികളിൽ 42-40 എന്നിങ്ങനെ ഇടതു ഐക്യ മുന്നണികൾ നേടി.

മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ തെരഞ്ഞെടുപ്പ് നടന്നില്ല. നാലിടത്ത് ആർക്കും ഭൂരിപക്ഷം നേടാനായില്ല. ആറു കോർപ്പറേഷനുകളിൽ നാലിടത്തും എൽ.ഡി.എഫ് ജയിച്ചപ്പോൾ കൊച്ചിയിൽ മാത്രമായിരുന്നു യു.ഡി.എഫിന് ജയം. കണ്ണൂരിൽ തുല്യത പാലിക്കുകയും കോൺ. റിബൽ നിർണായകമാവുകയും ചെയ്തു. 
2010 ൽ 11195 വാർഡുകളിൽ യു.ഡി.എഫ് ജയിച്ചപ്പോൾ എൽ.ഡി.എഫിന് കിട്ടിയത് 8525 മാത്രം. ബി.ജെ.പി.ക്ക് 480 വാർഡുകളിൽ ജയിക്കാനായിരുന്നു. ജില്ലാ പഞ്ചായത്തുകളിൽ ഏഴു വീതം മുന്നണികൾ പങ്കിട്ടു. ബ്ലോക്ക് പഞ്ചായത്തുകളിൽ 92 എണ്ണത്തിൽ യു.ഡി.എഫ്. ഭൂരിപക്ഷം നേടിയപ്പോൾ 56 ഇടത്ത് എൽ.ഡി.എഫിന് നേടാൻ കഴിഞ്ഞു. 539 ഗ്രാമപഞ്ചായത്തുകളിൽ അധികാരം യു.ഡി.എഫിന് ലഭിച്ചു. എൽ.ഡി.എഫിന് കിട്ടിയത് 322 ആണ്. 


ഇത്രയും വലിയ വിജയം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് ലഭിച്ചത് നടാടെയാണ്. രണ്ട് ഗ്രാമപഞ്ചായത്തുകളിൽ ബി.ജെ.പി അധികാരത്തിലേറി. 26 മുനിസിപ്പാലിറ്റികളിലായിരുന്നു യു.ഡി.എഫിന്റെ ജയം. 13 ഇടത്തേ ഇടതുമുന്നണിക്ക് വിജയം നേടാനായുള്ളൂ. അഞ്ചിൽ മൂന്ന് കോർപ്പറേഷനുകളും എൽ.ഡി.എഫ് കരസ്ഥമാക്കി. 
2015 ൽ ബി.ജെ.പിക്ക് വലിയ മുന്നേറ്റമുണ്ടായി. തിരുവനന്തപുരം ജില്ലയിൽ നാല് ഗ്രാമപഞ്ചായത്തുകൾ നേടിയ ബി.ജെ.പി തിരുവനന്തപുരം കോർപ്പറേഷനിൽ 34 ഉം തൃശൂരിൽ ഏഴും കോഴിക്കോട്ട് ആറും കോർപ്പറേഷൻ വാർഡുകളിൽ  ജയിച്ചു. കൊച്ചിയിലും കൊല്ലത്തും രണ്ടിടത്തായിരുന്നു ജയം.

തിരുവനന്തപുരം ജില്ലയിൽ നാലു മുനിസിപ്പാലിറ്റികളിലായി 16 വാർഡുകളിലും ബി.ജെ.പി. വിജയിച്ചു. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബി.ജെ.പിക്കായിരുന്നു ഭൂരിപക്ഷം. ഇവിടെ 24 വാർഡുകളിൽ ബി.ജെ.പി. ജയിച്ചപ്പോൾ 16 ഇടത്ത് യു.ഡി.എഫും ആറിടത്ത് എൽ.ഡി.എഫും ജയിച്ചു. ആറ് വാർഡുകളിൽ ജയിച്ചത് സ്വതന്ത്രരാണ്. പാലക്കാട് ജില്ലയിൽ നാലു മുനിസിപ്പാലിറ്റികളിലായി 20 വാർഡുകളും ബി.ജെ.പി നേടി. കാസർകോട് മുനിസിപ്പാലിറ്റിയിൽ 14 വാർഡുകൾ നേടിയ ബി.ജെ.പി. ഇവിടെ രണ്ടാം സ്ഥാനത്തായി. തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിയുടെ മുന്നേറ്റത്തിൽ മൂന്നാം സ്ഥാനത്തായത് യു.ഡി.എഫെങ്കിൽ പാലക്കാട്ടും കാസർകോട്ടും മൂന്നാം സ്ഥാനത്തായത് എൽ.ഡി.എഫാണ്.

 

Latest News